മുംബൈ: യുവതിയെ വെട്ടിക്കൊന്ന് മുന്‍ ഭര്‍ത്താവ്. നാഗ്പൂരിലെ ശുക്രവാരി ബസാറിലാണ് സംഭവം. യവത്മാൽ ജില്ലയിലെ ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയായ സന്ദീപ് ദൂദ്പച്ചാരെയെ ശനിയാഴ്ച പോലീസ് പിടികൂടിയത്. വിവാഹമോചനം നേടി തൊട്ടടുത്ത ദിവസം ശുക്രവാരി ബസാറിൽ വെച്ച് മുൻ ഭാര്യ മഞ്ജു പച്ചാരെയെ ഇയാൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ദീർഘനാളായുള്ള കുടുംബവഴക്കിനെ തുടർന്ന് ഇരുവരും വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. നിയമപരമായി വിവാഹമോചനം നേടിയ ശേഷവും ബന്ധം തുടരണമെന്ന സന്ദീപിന്റെ ആവശ്യം മഞ്ജു നിരസിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
രണ്ട് വർഷത്തെ വിവാഹജീവിതത്തിനിടയിൽ മദ്യപാനിയായ പ്രതി മഞ്ജുവിനെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച ഓൾഡ് കോട്ടൺ മാർക്കറ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ മാർക്കറ്റിലേക്ക് പോയ മഞ്ജുവിനെ സന്ദീപ് പിന്തുടരുകയും ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടക്കത്തിൽ പ്രതിയെ തിരിച്ചറിയാൻ പോലീസിന് ബുദ്ധിമുട്ട് നേരിട്ടെങ്കിലും ബന്ധം തുടരാൻ ആവശ്യപ്പെട്ട് ഇയാൾ മഞ്ജുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പിന്നീട് പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

















































