തിരുവനന്തപുരം: ജീവനൊടുക്കിയ ആരതിയുടെ ആത്മഹത്യാക്കുറിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. തന്നെയല്ല പഴയ കാമുകിയെയാണ് അതുലിന് ഇഷ്ടമെന്നും ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിച്ചുവെന്നും ആരതി എഴുതിയ കുറിപ്പിൽ പറയുന്നു. സംഭവത്തിൽ ഭർത്താവ് അതുലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശരീരത്തിൽ കയറിയിരുന്ന് പലതവണ മുഖത്തടിച്ചു. പരമാവധി മുറിവുകൾ ഉണ്ടാക്കാതെയായിരുന്നു ആക്രമണം. അതുലിന്റെ മാനസിക പീഡനം സഹിക്കാൻ പറ്റുന്നില്ല, അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണം എന്നും കുറിപ്പിൽ പറയുന്നു. മരണത്തിന് തൊട്ടുമുമ്പായി ആരതി റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശവും പൊലീസ് കണ്ടെത്തി.
മരിക്കാൻ തനിക്ക് പേടിയാണ്, പക്ഷേ മരിക്കാതെ നിവൃത്തിയില്ലെന്ന് ശബ്ദ സന്ദേശത്തിലുണ്ട്. ആരതിയുടെ ഫോണിലാണ് ശബ്ദ സന്ദേശം റെക്കോർഡ് ചെയ്തത്. വെള്ളിയാഴ്ചയാണ് വർക്കല സ്വദേശിനി ആരതിയെ ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അതുൽ ശ്രീകുമാറിന്റെ ക്രൂരപീഡനത്തിൽ മനംനൊന്താണ് ആരതിയുടെ മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് കോടതിയിൽ ഹാജരാക്കും. അതുൽ ശാരീരികമായി ഉപദ്രവിച്ചെന്നുകാട്ടി വെള്ളിയാഴ്ച ആരതി അമ്മയ്ക്ക് വാട്സ്ആപ്പിൽ ചിത്രങ്ങൾ അയച്ചിരുന്നു. ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ശേഷം പലകാരണങ്ങൾ പറഞ്ഞ് അതുൽ ആരതിയെ മർദിക്കാറുണ്ടായിരുന്നുവെന്ന് ആരതിയുടെ കുടുംബം പറയുന്നു. ആരതിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.

















































