കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനയിലെ സ്വർണത്തിന്റെ ശുദ്ധി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചീഫ് വിജിലൻസ് ഓഫീസർ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശിച്ചത്. പരിശോധനയ്ക്കായി ഒരു സ്വർണപ്പണിക്കാരന്റെ സേവനവും തേടണമെന്നും കോടതി വ്യക്തമാക്കി.
ഏഴരപ്പൊന്നാനയുടെ അറ്റകുറ്റപ്പണിക്കിടെ യഥാർഥ സ്വർണപ്പാളികൾ മാറ്റി ചെമ്പോ മറ്റ് വിലകുറഞ്ഞ ലോഹങ്ങളോ ഉപയോഗിച്ചെന്ന പരാതിയെത്തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ. എ.ജി. പ്രസാദ് കുമാർ എന്ന ഭക്തൻ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിച്ചത്.
പരാതി ലഭിച്ചതിനെ തുടർന്ന് ഹൈക്കോടതി ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോടും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരോടും വിശദീകരണം തേടിയിരുന്നു. ഏഴരപ്പൊന്നാനയിൽ സമീപകാലത്ത് അറ്റകുറ്റപ്പണികളോ നവീകരണ പ്രവർത്തനങ്ങളോ നടത്തിയിട്ടില്ലെന്നും അതിനാൽ സ്വർണത്തിന്റെ അളവിലോ ശുദ്ധിയിലോ മാറ്റമുണ്ടായിട്ടില്ലെന്നുമാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്.
ഈ വിശദീകരണം തള്ളിക്കളയാൻ കാരണമില്ലെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, പരാതിയുടെ ഗൗരവവും വിഷയത്തിന്റെ പ്രാധാന്യവും കണക്കിലെടുത്ത് സ്വതന്ത്രമായ പരിശോധന അനിവാര്യമാണെന്ന് വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി സ്വർണത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ കോടതി ഉത്തരവിട്ടത്.

















































