വാഷിങ്ടൺ: ഇറാനെതിരെ ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന‍്‍ ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന വ്യാപാര കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ട്രംപ് ആരോപിച്ചു. ഇത് അടുത്തിടെ ഇരു രാജ്യങ്ങളും തമ്മിൽ കൈവരിച്ച വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ നടത്തിയ പ്രസ്താവനയിൽ, കുറഞ്ഞത് നാല് വൺ-വേ അറ്റാക്ക് ഡ്രോണുകൾ ഇറാൻ പ്രയോഗിച്ചതായി ട്രംപ് ആരോപിച്ചു. അതിൽ ഒരു ഡ്രോൺ വലിയ ചരക്കുകപ്പലിന്റെ മുകളിലെ ഡെക്കിൽ നേരിട്ട് ഇടിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും, യാത്ര തുടരാൻ കഴിഞ്ഞുവെന്നാണ് വിവരം.
അതേസമയം, അമേരിക്കൻ സേന മൂന്ന് ഡ്രോണുകൾ തകർത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ആക്രമണത്തിനിരയായ കപ്പലിന്റെ പേരോ സംഭവസമയമോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ, വ്യാഴാഴ്ച ബ്രിട്ടീഷ് സൈന്യവും സമാനമായ ഒരു സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. യുകെയുടെ സമുദ്രസുരക്ഷാ ഏജൻസിയായ UKMTOയുടെ വിവരമനുസരിച്ച്, ഒമാൻ തീരത്തിന് സമീപം ഒരു കപ്പലിന് നേരെ അജ്ഞാത പ്രൊജക്ടൈൽ പതിച്ചു. കപ്പലിന്റെ വലത് വശത്തുള്ള ബ്രിഡ്ജ് ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും, മരണമെന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം ഇതെല്ലാം നടക്കുന്നത് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിലാണ്. ഹോർമൂസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയും, ഇറാന്റെ ഉയർന്ന അളവിലുള്ള സമ്പുഷ്ട യുറേനിയം ശേഖരത്തിന്റെ ഭാവിയും ഉൾപ്പെടെ നിരവധി നിർണായക വിഷയങ്ങളാണ് ചർച്ചയിൽ ഉള്ളത്.
ഈ മാസം ആദ്യം കൈവരിച്ച ഇടക്കാല വെടിനിർത്തൽ കരാറനുസരിച്ച്, 60 ദിവസത്തിനകം സ്ഥിരമായ സമാധാന കരാറിലേക്ക് എത്തണമെന്നാണ് ലക്ഷ്യം. എന്നാൽ പുതിയ ആക്രമണാരോപണങ്ങൾ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.


















































