പിറവം: മൂവാറ്റുപുഴയാറ്റിൽ അമ്മയുടെയും കുഞ്ഞിന്റെയും അജ്ഞാത മൃതദേഹങ്ങൾ കണ്ടെത്തി. കുഞ്ഞിന് രണ്ട് വയസ് പ്രായം തോന്നിക്കും. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിവരുന്നത് നാട്ടുകാർ കണ്ടത്. ഉടനെ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് എത്തി മൃതദേഹങ്ങൾ കരയ്ക്ക് മാറ്റി.
പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹങ്ങൾ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയത്. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ പെട്ടതാണോ, അതോ ആത്മഹത്യ ആണോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യത്തിലും അവ്യക്തത തുടരുന്നു. പരിസരപ്രദേശങ്ങളിൽ നിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.


















































