ചെന്നൈ: തമിഴ്നാട്ടിലെ ഒരു കൊച്ചുഗ്രാമത്തിൽ 37 വർഷത്തോളം എല്ലാവർക്കും അദ്ദേഹം ‘മുത്തു മാസ്റ്റർ’ മാത്രമായിരുന്നു. വെളുത്ത ഷർട്ടും മുണ്ടും ധരിച്ച്, ചുണ്ടിൽ ബീഡിയുമായി വയലിൽ കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരൻ. നാട്ടുകാർ ആദരവോടെ ‘അണ്ണാച്ചി’ എന്ന് വിളിച്ചിരുന്ന ആ മനുഷ്യന്റെ ജീവിതരഹസ്യം പുറത്തുവന്നപ്പോൾ ഗ്രാമം മാത്രമല്ല, ലോകം തന്നെ അമ്പരന്നു.
‘മുത്തു മാസ്റ്റർ’ യഥാർഥത്തിൽ പുരുഷനായിരുന്നില്ല. സ്വന്തം മകളെ സുരക്ഷിതമായി വളർത്താൻ ജീവിതകാലം മുഴുവൻ പുരുഷവേഷം സ്വീകരിച്ച പെച്ചിയമ്മാൾ എന്ന സ്ത്രീയായിരുന്നു അദ്ദേഹം. ഇന്ന് എഴുപതാം വയസ്സിലും ‘മുത്തു’വായിത്തന്നെ ജീവിക്കാനാണ് അവരുടെ തീരുമാനം.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഇരുപതാം വയസ്സിലാണ് പെച്ചിയമ്മാളും ശിവയും വിവാഹിതരാകുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് വെറും പതിനഞ്ച് ദിവസത്തിനകം ഹൃദയാഘാതത്തെ തുടർന്ന് ഭർത്താവ് മരിച്ചു. ആ ദുഃഖത്തിനിടെയാണ് താൻ ഗർഭിണിയാണെന്ന വിവരം പെച്ചിയമ്മാൾ അറിയുന്നത്.
മകൾ ജനിച്ചതോടെ കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ തൂത്തുക്കുടിയിലെ കരി നിർമാണശാലയിൽ ജോലി തുടങ്ങി. ജീവിതം അതീവ പ്രയാസകരമായിരുന്നെങ്കിലും മകൾക്ക് വേണ്ടിയായിരുന്നു ഓരോ ദിവസവും പോരാട്ടം. എന്നാൽ ഫാക്ടറിയിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ ഒരു സംഭവം അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു.
ഒരു ദിവസം ജോലിക്കുപോകുന്നതിനിടെ ഒരു ട്രക്ക് ഡ്രൈവർ ബലമായി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചു. എങ്ങനെയോ രക്ഷപ്പെട്ടെങ്കിലും ആ സംഭവം പെച്ചിയമ്മാളിൽ വലിയ ഭീതി സൃഷ്ടിച്ചു. ഒറ്റപ്പെട്ട സ്ത്രീയായി സമൂഹത്തിൽ ജീവിക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് അവർ അന്നാണ് തിരിച്ചറിഞ്ഞത്.
പിറ്റേന്ന് തന്നെ ജീവിതത്തിലെ ഏറ്റവും നിർണായകമായ തീരുമാനം അവർ എടുത്തു. പുരുഷന്മാർ ധരിക്കുന്ന ഷർട്ടും മുണ്ടും വാങ്ങി തിരുച്ചെന്തൂരിലെത്തി നീണ്ട മുടി മുഴുവൻ മുറിച്ചുമാറ്റി. ഒരു സ്ത്രീയെന്ന നിലയിൽ അവസാനമായി ക്ഷേത്രത്തിൽ പ്രാർഥിച്ച ശേഷം പുരുഷവേഷത്തിൽ പുറത്തേക്കിറങ്ങി.
“‘പെച്ചിയമ്മാൾ’ എന്ന ജീവിതം അവിടെ അവസാനിച്ചു. അതിനുശേഷം ഞാൻ ‘മുത്തു’വായി,” എന്ന് അവർ ഓർക്കുന്നു.
പിന്നീട് ഒരു ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്തുതുടങ്ങിയതോടെയാണ് ‘മുത്തു മാസ്റ്റർ’ എന്ന പേര് ലഭിക്കുന്നത്. കാലക്രമേണ ആ പേര് തന്നെയായി അവരുടെ പുതിയ വ്യക്തിത്വം.
പുരുഷനെന്ന പ്രതീതി കൂടുതൽ ഉറപ്പിക്കാൻ അവർ ബീഡി വലിക്കുന്ന ശീലവും സ്വീകരിച്ചു. രാത്രിയിൽ ഒരിക്കൽ മദ്യപിച്ച ഒരാൾ വഴി തടഞ്ഞപ്പോൾ ബീഡി കത്തിച്ചതോടെ ‘സഹോദരാ’ എന്ന് വിളിച്ച് അയാൾ വഴിമാറിയ അനുഭവവും അവർ പങ്കുവയ്ക്കുന്നു.
എന്നാൽ പുരുഷവേഷം സുരക്ഷ നൽകിയെങ്കിലും അതിനൊപ്പം വലിയ മാനസികവും ശാരീരികവുമായ വെല്ലുവിളികളും ഉണ്ടായിരുന്നു. സ്ത്രീയെന്ന നിലയിലെ ശാരീരിക മാറ്റങ്ങൾ ആരും അറിയാതിരിക്കാൻ അവർ ഏറെ ബുദ്ധിമുട്ടി. കഠിനാധ്വാനത്തിനിടയിലും പലപ്പോഴും മരുന്നുകളെ ആശ്രയിക്കേണ്ടിവന്നു. ജീവിതസാഹചര്യങ്ങളുടെ കാഠിന്യം മൂലം നാൽപതാം വയസ്സിൽ തന്നെ ആർത്തവവിരാമവും സംഭവിച്ചു.
പിന്നീട് മകളുമായി കാട്ടുനൈക്കൻപട്ടി ഗ്രാമത്തിലേക്ക് താമസം മാറിയപ്പോൾ ‘മുത്തു മാസ്റ്റർ’ എന്നായിരുന്നു എല്ലാവരും അവരെ തിരിച്ചറിഞ്ഞത്. അവിടെ കർഷകത്തൊഴിലാളിയായി കഠിനാധ്വാനം ചെയ്ത് മകളെ പഠിപ്പിക്കുകയും വളർത്തുകയും ചെയ്തു.
മകൾ ഷൺമുഖസുന്ദരിക്ക് പോലും തന്റെ ‘അച്ഛൻ’ യഥാർഥത്തിൽ അമ്മയാണെന്ന സത്യം ഏഴാം വയസ്സിലാണ് മനസ്സിലായത്. അതുവരെ മറ്റൊരാളെയാണ് അമ്മയെന്ന് അവൾ കരുതിയിരുന്നത്. സത്യം അറിഞ്ഞ ശേഷവും ഗ്രാമത്തിന് മുന്നിൽ അവൾ അമ്മയെ ‘മുത്തു മാസ്റ്റർ’ എന്നുതന്നെ വിളിച്ചു.
ഇന്ന് മകൾ വിവാഹിതയാണ്. സ്വന്തമായി വ്യാപാരം നടത്തി സാമ്പത്തികമായി സുരക്ഷിതമായ ജീവിതമാണ് നയിക്കുന്നത്. തന്റെ അമ്മ അസാധാരണ ധൈര്യവും മനക്കരുത്തുമുള്ള വ്യക്തിയാണെന്ന് മകൾ അഭിമാനത്തോടെ പറയുന്നു.
മകൾ സുരക്ഷിതമായ ജീവിതത്തിലെത്തിയിട്ടും പെച്ചിയമ്മാൾ സ്ത്രീരൂപത്തിലേക്ക് മടങ്ങാൻ തയ്യാറായില്ല. ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടത്തിൽ തനിക്ക് സുരക്ഷയും ആത്മവിശ്വാസവും നൽകിയത് ‘മുത്തു’ എന്ന വ്യക്തിത്വമാണെന്ന് അവർ വിശ്വസിക്കുന്നു. അതിജീവനത്തിനായി സ്വീകരിച്ച ആ വേഷം ഒടുവിൽ അവരുടെ ജീവിതത്തിന്റെ ഭാഗമായിമാറി. ശേഷിക്കുന്ന കാലവും ‘മുത്തു മാസ്റ്റർ’ എന്ന നിലയിൽ ജീവിക്കാനാണ് ഈ അമ്മയുടെ തീരുമാനം.

















































