തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വനിതകൾക്കായുള്ള പ്രിയദർശിനി ബസ് സർവീസ് കേരളത്തിൽ ശ്രദ്ധേയമായി മാറുന്നു. ജൂൺ 15ന് ആരംഭിച്ച ഈ സൗജന്യ യാത്രാ പദ്ധതി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയാകുകയാണ്.
പ്രിയദർശിനി സർവീസിൽ യാത്ര ചെയ്ത അനുഭവം പങ്കുവച്ച് വിദേശ ടൂറിസ്റ്റ് കാരിയും രംഗത്തെത്തി. ‘Accent Maid’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അവർ കേരളത്തിലെ കെഎസ്ആർടിസി ബസിലെ യാത്രാനുഭവം പങ്കുവെച്ചത്.
യാത്രയ്ക്കിടെ ലഭിച്ച ‘സീറോ ടിക്കറ്റ്’ കാണിച്ചുകൊണ്ട്, ഇത്തരം ഒരു സൗജന്യ യാത്രാ സൗകര്യം ഒരുക്കിയ കേരള സർക്കാരിനെ അവർ അഭിനന്ദിച്ചു. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അനുഭവങ്ങളും അവർ സ്ഥിരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്.
അതേസമയം, 70 വയസ്സ് കഴിഞ്ഞവർക്ക് യുകെയിൽ ബസ്, ട്രെയിൻ യാത്രകൾക്ക് ദൂരപരിധിയില്ലാതെ സൗജന്യ സൗകര്യം ലഭിക്കുന്നതും അവർ ഓർമ്മിപ്പിച്ചു. എന്നാൽ കേരളത്തിലെ പ്രിയദർശിനി സർവീസ് ഒരു പ്രത്യേക സാമൂഹിക ഇടപെടലായാണ് ശ്രദ്ധ നേടുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ യാത്രാ സൗകര്യം വർധിപ്പിക്കുന്നതിനായി ആരംഭിച്ച ഈ പദ്ധതി യാത്രാമേഖലയിൽ നല്ല പ്രതികരണവും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയും നേടുകയാണ്.


















































