കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ പ്രതിസന്ധികൾ പരിഹരിച്ച് സംഘടനയെ വീണ്ടും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ സജീവമാണെന്ന് അഡ്ഹോക് കമ്മിറ്റി അംഗം രമേഷ് പിഷാരടി. രാജിവെച്ച അംഗങ്ങളെ തിരിച്ചെത്തിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സംഘടനയിൽ ഐക്യം പുനഃസ്ഥാപിക്കുകയാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജിവെച്ച ശ്വേതാ മേനോൻ, അൻസിബ, മല്ലികാ സുകുമാരൻ എന്നിവരുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളുമായും വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെന്നും പിഷാരടി വ്യക്തമാക്കി. ഓരോരുത്തരും സംഘടന വിടാൻ കാരണമായ സാഹചര്യങ്ങൾ മനസ്സിലാക്കി അതിന് പരിഹാരം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഡ്ഹോക് കമ്മിറ്റിയുടെ പ്രധാന ദൗത്യം എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിയെ ചുമതലയേൽപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ചേർന്ന ആദ്യ യോഗത്തിൽ ഇതുസംബന്ധിച്ച പ്രാഥമിക തീരുമാനങ്ങൾ കൈക്കൊണ്ടതായും പിഷാരടി അറിയിച്ചു.
വളരെ കുറച്ച് അംഗങ്ങളുള്ള സംഘടനയായിരുന്നാലും മികച്ച പ്രവർത്തനങ്ങളാണ് ‘അമ്മ’ വർഷങ്ങളായി നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ സംഘടനയുമായി ബന്ധപ്പെട്ട എല്ലാവർക്കും മാനസിക വിഷമമുണ്ടാക്കുന്നതാണെന്നും വ്യക്തിപരമായ തർക്കങ്ങളും അഭിപ്രായഭിന്നതകളും കഴിയുന്നത്ര പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡ്ഹോക് കമ്മിറ്റിയുടെ ചുമതല ഏറ്റെടുക്കേണ്ടിവരുമെന്ന് നേരത്തേ അറിയാമായിരുന്നുവെന്നും, സംഘടനയുടെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ സ്ഥിരം ഭരണസമിതി വൈകാതെ നിലവിൽ വരുമെന്നാണ് പ്രതീക്ഷയെന്നും പിഷാരടി പറഞ്ഞു. പുതിയ കമ്മിറ്റി ചുമതലയേറ്റാൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സംഘടനയെ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
അതേസമയം, പുതിയ ഭരണസമിതിയിൽ ഔദ്യോഗിക ഭാരവാഹിത്വം ഏറ്റെടുക്കാൻ താൻ തയ്യാറല്ലെന്നും പിഷാരടി വ്യക്തമാക്കി. നിലവിൽ മറ്റ് പൊതുപ്രവർത്തനങ്ങളും ഉത്തരവാദിത്വങ്ങളും ഉള്ളതിനാലാണ് ആ തീരുമാനമെന്നും, എന്നാൽ ‘അമ്മ’യുടെ പുരോഗതിക്കായി എല്ലാ പിന്തുണയും തുടർന്നും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

















































