‘അമ്മ’യിൽ നിന്ന് രാജിവെച്ച് പുറത്ത് പോകാനിടയായ സാഹചര്യം വിശദീകരിച്ച് നടി അൻസിബാ ഹസൻ. ആക്രമിക്കപ്പെട്ട അതിജീവിത ഉൾപ്പെടെ ഒരു സ്ത്രീക്കും കമ്മിറ്റിയിൽ നിന്ന് നീതിയും പരിഗണനയും ലഭിക്കില്ല എന്ന ഉറച്ച വിശ്വാസമാണ് രാജിയിലേക്കെത്തിച്ചതെന്ന് അൻസിബ പറഞ്ഞു. രാജി വെക്കുന്നുവെന്ന് അറിയിച്ചപ്പോൾ കണ്ണ് തള്ളുന്ന ഇമോജിയാണ് പ്രസിഡന്റ് മറുപടിയായി അയച്ചതെന്നും അൻസിബ പറഞ്ഞു. സംഘടനയെ ഒരിക്കലും തള്ളിപ്പറയുന്നില്ല, ഒരുപാട് നല്ലകാര്യങ്ങൾ അംഗങ്ങൾക്കായി ‘അമ്മ’ ചെയ്യുന്നുണ്ട്.
എന്നാൽ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾ വേദനാജനകമാണ്. ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാനാണ് അവർ ശ്രമിക്കുന്നത്. സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ കമ്മിറ്റിയിൽ പറയുക സ്വാഭാവികമാണ്, വിയോജിപ്പുകൾ തുറന്നുപറഞ്ഞാൽ അത് മനസ്സിൽ വച്ച് വ്യക്തിപരമായി അക്രമിക്കാനാണ് ചിലർ ശ്രമിക്കുന്നത്. എനിക്കെതിരെ അവിഹിതകഥകൾ പ്രചരിപ്പിക്കുന്നതും കള്ളക്കേസിൽ കുടുക്കാനായി പോലീസ് സ്റ്റേഷനിൽ കയറ്റിയതും വർഗ്ഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചതും സംഘടനയിലുള്ളവർ തന്നെയാണ്.
അതിനെതിരെ പലതവണ തെളിവുസഹിതം പരാതികൾ ഉന്നയിച്ചിട്ടും, പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പരിഗണിച്ചില്ല. അതിജീവിത ഉൾപ്പെടെ വേദനിക്കുന്ന ഒരു സ്ത്രീയ്ക്കും ഈ കമ്മിറ്റിയിൽ നിന്ന് നീതിയും പരിഗണനയും ലഭിക്കില്ലെന്ന് ഉറച്ചവിശ്വാസമാണ് രാജിയിലേക്കെത്തിച്ചത്. രാജി അറിയിച്ചപ്പോൾ കണ്ണുതള്ളിയ ഒരു ഇമോജിയായിരുന്നു പ്രസിഡന്റിന്റെ മറുപടി.’ -അൻസിബ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഏകകണ്ഠമായാണ് അൻസിബ തിരഞ്ഞെടുക്കപ്പെട്ടത്. താൻ ഇത്തരത്തിൽ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത് ചിലരെ ചൊടിപ്പിച്ചിട്ടുണ്ടാകാമെന്ന് അൻസിബ പറയുന്നു.
















































