കോഴിക്കോട്: വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പുതിയ വെളിപ്പെടുത്തലുമായി അയൽവാസി. 2014-ൽ വീടുവിട്ടുപോയതിന് ശേഷം സിജോ ഒരിക്കൽ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരുന്നുവെന്ന് അയൽവാസി. അന്നാണ് അവസാനമായി സിജോയെ നേരിൽ കണ്ടതെന്നും പിന്നീട് തന്റെ വീട്ടിലെ ലാൻഡ്‌ഫോൺ നമ്പറിലേക്ക് സിജോ വിളിച്ചിരുന്നതായും അയൽവാസി വെളിപ്പെടുത്തി. എറണാകുളത്ത് നിന്നാണ് വിളിക്കുന്നതെന്ന് സിജോ പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.
ഇതിനിടെ സിജോയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന സംശയം ഉയർത്തിയ കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി കല്ലറയിലെ ദുരൂഹതയ്ക്ക് കഴിഞ്ഞ ദിവസം വ്യക്തത ലഭിച്ചു. കല്ലറയിൽ മൂന്ന് മൃതദേഹങ്ങളുണ്ടെന്നാണ് പള്ളി അധികൃതർ പരാതിപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോടുനിന്നും വിദഗ്ധസംഘമെത്തുകയും പോലീസ് സാന്നിധ്യത്തിൽ കല്ലറ തുറന്ന് പരിശോധന നടത്തുകയുമായിരുന്നു.
പ്രാഥമിക പരിശോധനയിൽ കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണ് കണ്ടെത്തിയത്. സംശയാസ്പദമായി കണ്ട പായ മൃതദേഹം സംസ്ക്കരിച്ച പെട്ടിയുടെ താഴെയായി വിരിച്ചതായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അക്കാര്യം തങ്ങൾക്കും ബോധ്യമായെന്ന് പള്ളി വികാരിയും ഭാരവാഹികളും സാക്ഷ്യപ്പെടുത്തി. ഇതോടെയാണ് മൂന്നാമത്തെ മൃതദേഹം സംബന്ധിച്ച ആശങ്കയ്ക്ക് വിരാമമായത്.
ഫോറൻസിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി ഡി.എൻ.എ പരിശോധനയും നടത്തും. നിലവിലെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കല്ലറയിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്കും സിജോ സ്കറിയയുടെ തിരോധാനത്തിനും തമ്മിൽ ബന്ധമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
















































