കൊല്ലം: മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ വാക്സിൻ എടുത്തതിന് പിന്നാലെ തുടയിൽ ഗുരുതര വീക്കം രൂപപ്പെട്ടതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തേണ്ടിവന്നതായി പരാതി. സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾ അച്ചൻകോവിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.
അച്ചൻകോവിൽ പൊങ്ങലിൽ വീട്ടിൽ അപർണ-ശ്യാം ദമ്പതികളുടെ കുഞ്ഞിനാണ് ആരോഗ്യപ്രശ്നമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. ഈ മാസം മൂന്നിന് അച്ചൻകോവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് പതിവ് പ്രതിരോധ വാക്സിൻ നൽകിയതിനു പിന്നാലെയാണ് കുഞ്ഞിന്റെ തുടയിൽ നീർവീക്കം അനുഭവപ്പെട്ടത്.
വീക്കം ശ്രദ്ധയിൽപ്പെട്ട ഉടൻ ആശുപത്രി അധികൃതരെ വിവരം അറിയിച്ചെങ്കിലും ആവശ്യമായ നിർദേശങ്ങളോ തുടർനടപടികളോ ലഭിച്ചില്ലെന്നാണ് രക്ഷിതാക്കളുടെ ആരോപണം. രണ്ടാഴ്ച പിന്നിട്ടിട്ടും വീക്കം കുറയാതിരുന്നതിനൊപ്പം കുഞ്ഞിന് പനിയും ബാധിച്ചതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ കുത്തിവെച്ച ഭാഗത്ത് പഴുപ്പ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി അത് നീക്കം ചെയ്തതായി രക്ഷിതാക്കൾ പറഞ്ഞു.
അതേസമയം, കുഞ്ഞിന് മറ്റ് അണുബാധകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രിയിലെ ഡോക്ടർ വ്യക്തമാക്കിയതായി രക്ഷിതാക്കൾ പറയുന്നു. വാക്സിൻ നൽകിയതിന് ശേഷം വളരെ അപൂർവമായി ചില കുട്ടികളിൽ കുത്തിവെച്ച ഭാഗത്ത് വീക്കമോ പഴുപ്പോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, ചെറിയൊരു വിഭാഗത്തിൽ ഇത്തരം ലക്ഷണങ്ങൾ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കാറുണ്ടെന്നും ഡോക്ടർമാർ വിശദീകരിച്ചു.















































