ടെക്സസ്: ലോകകപ്പ് ഗോൾവേട്ടയിൽ ചരിത്രനേട്ടം കുറിച്ച മത്സരത്തിന് പിന്നാലെ, പെനാൽറ്റി നഷ്ടപ്പെടുത്തിയതിലെ നിരാശ തുറന്ന് പറഞ്ഞ് അർജന്റീന നായകൻ ലയണൽ മെസി. ഓസ്ട്രിയക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ പെനാൽറ്റി പാഴാക്കിയെങ്കിലും പിന്നീട് ഇരട്ടഗോൾ നേടി അർജന്റീനയെ ജയത്തിലേക്കും പ്രീക്വാർട്ടറിലേക്കും നയിച്ചത് മെസിയായിരുന്നു. ടെക്സസിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഓസ്ട്രിയയെ കീഴടക്കിയത്.
മത്സരത്തിന്റെ 38-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ലോകകപ്പിൽ 17 ഗോൾ എന്ന നേട്ടത്തിലെത്തിയ മെസി, ടൂർണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി. തുടർന്ന് രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ സ്വന്തം 18-ാം ലോകകപ്പ് ഗോളും നേടി അർജന്റീനയുടെ ജയം ഉറപ്പിച്ചു.
എന്നാൽ മത്സരത്തിന്റെ തുടക്കത്തിൽ സ്കോർ 0-0 ആയിരിക്കെ ലഭിച്ച പെനാൽറ്റി അവസരം മെസിക്ക് മുതലാക്കാനായില്ല. താരത്തിന്റെ ദുർബലമായ ഷോട്ട് പോസ്റ്റിന് പുറത്തേക്കാണ് പോയത്.
മത്സരശേഷം ആ നിമിഷത്തെക്കുറിച്ച് മെസി പ്രതികരിച്ചു. “പെനാൽറ്റി നഷ്ടപ്പെടുത്തിയ ആ നിമിഷത്തിൽ എനിക്ക് എന്നോട് തന്നെ കടുത്ത ദേഷ്യമാണ് തോന്നിയത്. കാരണം ഞാൻ ആ കിക്ക് എടുത്തത് വളരെ മോശം രീതിയിലായിരുന്നു. എന്നാൽ ഭാഗ്യവശാൽ കളിയിലേക്ക് വേഗത്തിൽ തിരിച്ചുവരാനും ലീഡ് നിലനിർത്താനും ഞങ്ങൾക്ക് സാധിച്ചു. വളരെ നിർണായകമായ മൂന്ന് പോയിന്‍റുകളാണ് സ്വന്തമാക്കിയത്.”
വമ്പൻ കരിയർ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും പെനാൽറ്റി സ്പോട്ടിൽ മെസിക്ക് പിഴവുകൾ സംഭവിച്ചത് ഇതാദ്യമല്ല. 2018 ലോകകപ്പിലും, അർജന്റീന കിരീടം നേടിയ 2022 ലോകകപ്പിൽ പോളണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിലും താരത്തിന്റെ പെനാൽറ്റികൾ ലക്ഷ്യം കണ്ടിരുന്നില്ല.
ബുധനാഴ്ച 39-ാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുന്ന മെസി, ഹാംസ്ട്രിങ് പരിക്കിന്റെ നേരിയ ആശങ്കകളോടെയാണ് തന്റെ ആറാം ലോകകപ്പിനായി എത്തിയത്. എന്നാൽ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെ ഹാട്രിക് നേടി താരം തന്റെ ഫോം തെളിയിച്ചിരുന്നു.
ഓസ്ട്രിയക്കെതിരായ വിജയത്തോടെ ഗ്രൂപ്പ് ജെയിൽ നിന്ന് അർജന്റീന അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചു. ശനിയാഴ്ച ജോർദാനെതിരെയാണ് ടീമിന്റെ അവസാന ഗ്രൂപ്പ് മത്സരം. ആ മത്സരവും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കാനാണ് ടീമിന്റെ ലക്ഷ്യമെന്ന് മെസി വ്യക്തമാക്കി. അതേസമയം, ജോർദാനെതിരായ മത്സരത്തിൽ മെസിക്ക് പരിശീലകൻ ലയണൽ സ്കലോണി വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.















































