കാൻസാസ് സിറ്റി: ലോകകപ്പ് ഫുട്ബോളിൽ മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി അർജന്റീന നായകൻ ലയണൽ മെസ്സി. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോഡാണ് മെസ്സി സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെയാണ് മെസ്സി നേട്ടത്തിലെത്തിയത്.
ഈ ഗോളോടെ മെസ്സിയുടെ ലോകകപ്പ് ഗോൾസംഖ്യ 17 ആയി. ഇതോടെ 16 ഗോളുകളുമായി പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന മുൻ ജർമൻ താരം മിറോസ്ലാവ് ക്ലോസെയെ മെസ്സി പിന്നിലാക്കി. 15 ഗോളുകളുമായി ബ്രസീൽ ഇതിഹാസം റൊണാൾഡോ മൂന്നാം സ്ഥാനത്താണ്.
കഴിഞ്ഞ മത്സരത്തിൽ അൾജീരിയക്കെതിരേ ഹാട്രിക് നേടിയതോടെയാണ് മെസ്സി ക്ലോസെയുടെ റെക്കോഡിനൊപ്പമെത്തിയത്. ലോകകപ്പ് കരിയറിലെ മെസ്സിയുടെ ആദ്യ ഹാട്രിക് കൂടിയായിരുന്നു അത്. അതോടെ ഗോൾസംഖ്യ 16 ആയി ഉയർന്നിരുന്നു.
അൾജീരിയക്കെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡും മെസ്സി സ്വന്തമാക്കിയിരുന്നു. നിലവിലെ ടൂർണമെന്റ് മെസ്സിയുടെ ആറാം ലോകകപ്പാണ്. ആറു ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ ഫുട്ബോളറെന്ന ചരിത്രനേട്ടവും അർജന്റീന നായകന്റെ പേരിലായി.
















































