തിരുവനന്തപുരം: ടൂറിസ്റ്റ് ബസുടമകൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി വി.ഡി സതീസൻ സർക്കാരിന്റെ ബജറ്റ്. കേരളത്തിൽ ടൂറിസ്റ്റ് ഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ വലിയ ഇളവാണ് പ്രഖ്യാപിച്ചത്.
നിലവിൽ സീറ്റിന് 2000 രൂപയായിരുന്ന നികുതി 900 രൂപയാക്കുകയും, സ്ലീപ്പർ ബസുകൾക്ക് സീറ്റിന് 3000 രൂപയിൽ നിന്ന് 1500 രൂപയായി കുറയ്ക്കുകയും ചെയ്യും. ടൂറിസ്റ്റ് ബസുകൾ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിനെ തടഞ്ഞ് കേരളത്തിൽ തന്നെ രജിസ്ട്രേഷൻ വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഉയർന്ന നികുതി കാരണം നിരവധി ബസുകൾ നാഗാലാൻഡ്, ഒഡീഷ, കർണാടക, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യുന്നത് മൂലം കേരളത്തിന് വരുമാന നഷ്ടം ഉണ്ടാകുന്നുവെന്ന് ബജറ്റ് ചൂണ്ടിക്കാട്ടുന്നു. പുതിയ നിരക്കുകൾ നിലവിൽ വരുന്നതോടെ ഈ പ്രവണത കുറയുമെന്നാണ് സർക്കാർ പ്രതീക്ഷ.
നികുതി കുറവിലൂടെ കൂടുതൽ ബസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുകയും ടൂറിസം മേഖലയിലേക്ക് നിക്ഷേപം വർധിക്കുകയും ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. കൂടാതെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകൾക്ക് നികുതിയിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രാ ചെലവ് കുറച്ച് പൊതുഗതാഗതം ശക്തിപ്പെടുത്താനാണ് ബജറ്റിന്റെ ലക്ഷ്യം.
















































