തിരുവനന്തപുരം: എബോള സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ള വിദേശ വനിതയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
“നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും ഒരുശതമാനംപോലും റിസ്ക് എടുക്കരുത് എന്നതുകൊണ്ടാണ് നിരീക്ഷണത്തിൽ ആക്കിയത്. പരിശോധനാഫലം ഇന്ന് വൈകുന്നേരത്തോടെ ലഭിക്കും,” മന്ത്രി പറഞ്ഞു.
പനിയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് യുവതിയെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയുമായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മെഡിക്കൽ സൂപ്രണ്ടിന്റെ വിലയിരുത്തലെന്നും മന്ത്രി അറിയിച്ചു.
സുഡാനിൽ നിന്ന് ഉഗാണ്ട വഴി കേരളത്തിലെത്തിയ 52 വയസ്സുകാരിയെയാണ് എബോള സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയത്. ഉഗാണ്ടയിൽ നിന്ന് എത്തിയ വ്യക്തിക്ക് രോഗലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിലാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതെന്നും സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾക്ക് നേരത്തേ തന്നെ എബോള ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആശുപത്രി അധികൃതരുടെ വിശദീകരണമനുസരിച്ച് നിലവിൽ എബോളയുമായി ബന്ധപ്പെട്ട ഗുരുതര ലക്ഷണങ്ങളൊന്നും രോഗിക്കില്ല. എങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രത്യേക നിരീക്ഷണം തുടരുകയാണ്.
അതേസമയം, ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോയിലും ഉഗാണ്ടയിലും സമീപകാലത്ത് റിപ്പോർട്ട് ചെയ്ത എബോള വ്യാപനം ആരോഗ്യരംഗത്ത് ആശങ്ക ഉയർത്തിയിരുന്നു. പ്രത്യേക ചികിത്സയോ വ്യാപകമായി ലഭ്യമായ പ്രതിരോധ വാക്സിനോ ഇല്ലാത്ത ബുണ്ടിബുഗ്യോ (Bundibugyo) വകഭേദമാണ് സമീപകാല വ്യാപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. എബോള വൈറസിന്റെ ആറ് പ്രധാന വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റൺ, ബോംബാലി എന്നിവയാണ് മറ്റ് വകഭേദങ്ങൾ.
1976-ൽ ആദ്യമായി തിരിച്ചറിഞ്ഞ എബോള വൈറസ് രോഗത്തിന്റെ ഏറ്റവും വലിയ വ്യാപനം 2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലായിരുന്നു. അന്ന് 28,000-ലധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുകയും ആയിരക്കണക്കിന് പേർ മരിക്കുകയും ചെയ്തിരുന്നു. കോംഗോയിൽ 2018 മുതൽ 2020 വരെ ഉണ്ടായ വ്യാപനത്തിൽ 2,300-ലധികം മരണങ്ങളും രേഖപ്പെടുത്തി.
രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തം, വിസർജ്യങ്ങൾ, മറ്റ് ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ് എബോള പ്രധാനമായും പകരുന്നത്. രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും അവയുടെ മാംസം വേണ്ടത്ര പാകം ചെയ്യാതെ ഭക്ഷിക്കുന്നതിലൂടെയും രോഗം മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്.
വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം രണ്ട് മുതൽ 21 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, തലവേദന, പേശിവേദന, തൊണ്ടവേദന, ഛർദി, ത്വക്കിലെ തിണർപ്പ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ഗുരുതര രക്തസ്രാവവും കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തന തകരാറും ഉണ്ടാകാൻ സാധ്യതയുണ്ട്.
രോഗം പ്രതിരോധിക്കുന്നതിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക, രോഗികളെ പ്രത്യേക ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിക്കുക, ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കുക, എത്രയും വേഗം ചികിത്സ ലഭ്യമാക്കുക തുടങ്ങിയ നടപടികളിലൂടെ രോഗവ്യാപനം തടയാനാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
















































