എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): മോദി ഇന്ത്യയെ നയിക്കുന്നിടത്തോളം കാലം രാജ്യത്തിന് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്‌ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അമേരിക്ക ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അതീവ ശക്തമാണെന്നും, പ്രധാനമന്ത്രി മോദിയുമായുള്ള വ്യക്തിപരമായ സൗഹൃദം ആ ബന്ധത്തെ കൂടുതൽ ദൃഢമാക്കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുടെ സുരക്ഷയും സ്ഥിരതയും അമേരിക്കയ്ക്ക് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“”ഇരുരാജ്യങ്ങളും തമ്മിൽ മികച്ചൊരു ബന്ധമാണുള്ളത്. ഇന്ത്യ ആക്രമിക്കപ്പെട്ടാൽ സഹായിക്കാൻ ഞങ്ങൾ അവിടെയുണ്ടാകും. ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു കരാറില്ല. പക്ഷേ, ഇന്ത്യ ആക്രമിക്കപ്പെടുകയും മോദി നേതാവായി തുടരുകയും ചെയ്താൽ യു.എസ്. സഹായത്തിനെത്തും. തീർച്ചയായും ഞങ്ങൾ കൂടെയുണ്ടാകും. ആ മനുഷ്യനെ ആരെങ്കിലും ആക്രമിച്ചാൽ ഞങ്ങൾ കൂടെയുണ്ടാകും. മറ്റൊരു നേതാവാണ് ഭരിക്കുന്നതെങ്കിൽ എനിക്ക് ഉറപ്പില്ല. എന്നാൽ മോദിയാണ് ഭരണത്തിലെങ്കിൽ ഞങ്ങൾ തീർച്ചയായും സഹായിക്കും.”- ട്രംപ് പറഞ്ഞു.
താൻ ഇന്ത്യയുടെ അടുത്ത സുഹൃത്താണെന്നും ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. “ഞാൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇന്ത്യയ്ക്ക് വൈറ്റ് ഹൗസിൽ ഒരു വിശ്വസ്ത സുഹൃത്തുണ്ടാകും. അമേരിക്കൻ ജനത ഇന്ത്യയെ ബഹുമാനിക്കുന്നു. അതുപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വലിയ ആദരവാണ് ഇവിടെയുള്ളത്,” അദ്ദേഹം പറഞ്ഞു.
വ്യാപാര-തീരുവ വിഷയങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ഇരുരാജ്യ ബന്ധത്തിൽ ചർച്ചയായ സാഹചര്യത്തിലാണ് മോദി-ട്രംപ് കൂടിക്കാഴ്ച നടക്കുന്നത്. ഏകദേശം 16 മാസങ്ങൾക്ക് ശേഷമാണ് ഇരുനേതാക്കളും ഔദ്യോഗികമായി വിശദമായ ചർച്ച നടത്തുന്നത്.
ഹോർമുസ് കടലിടുക്കിലെ സുരക്ഷാ പ്രശ്നങ്ങൾ, ആഗോള വ്യാപാര സാഹചര്യം, പ്രതിരോധ സഹകരണം, സാമ്പത്തിക ബന്ധം എന്നിവ ചർച്ചയിൽ പ്രധാന വിഷയങ്ങളായിരുന്നുവെന്നാണ് വിവരം. ജി7 ഉച്ചകോടിക്കിടെ നടന്ന ഈ കൂടിക്കാഴ്ച ഇന്ത്യ-അമേരിക്ക ബന്ധത്തിൽ പുതിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര വൃത്തങ്ങൾ.














































