ബെംഗളൂരു: കർണാടകത്തിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ട് വച്ച ഗ്യാരണ്ടി പദ്ധതികളിൽ പുനപരിശോധനയ്ക്ക് സർക്കാർ ഒരുങ്ങുന്നു. സിദ്ധരാമയ്യ സർക്കാർ നടപ്പാക്കിയ പദ്ധതികളിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് പൊളിച്ചെഴുത്ത് നീക്കം.
ഗൃഹനാഥകൾക്ക് പ്രതിമാസം 2,000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതിയും ആണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാകുന്നത്. പദ്ധതി നിർത്തലാക്കുകയല്ല, മറിച്ച് അനർഹർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
പദ്ധതികൾക്ക് കീഴിൽ മരിച്ചവരുടെ പേരിലടക്കം തുക എത്തുകയും അനർഹർ ആനുകൂല്യം കൈപ്പറ്റുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 100 കോടി രൂപ അനർഹർ കൈപ്പറ്റിയതായി പരിശോധനയിൽ കണ്ടെത്തിയതായാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ വീണ്ടും ആധാർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യിക്കാനാണ് സർക്കാർ നീക്കം. പുതിയ പട്ടിക തയ്യാറാക്കിയ ശേഷമേ ഇനി ആനുകൂല്യങ്ങൾ വിതരണം ചെയ്യൂ എന്ന നിലപാടിലാണ് സർക്കാർ.
അതേസമയം, പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തി. സൗജന്യ പദ്ധതികളിൽ നിന്ന് സർക്കാർ പിന്നോട്ടുപോകുകയാണെന്നും വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അവർ ആരോപിക്കുന്നു.
ലക്ഷക്കണക്കിന് മരിച്ചവരെ പദ്ധതികളിൽ നിന്നും ഒഴിവാക്കുമെന്ന് സർക്കാർ പറയുന്നു. അതുപ്രകാരം ഒരു കാര്യം സർക്കാർ വ്യക്തമാക്കണം. കഴിഞ്ഞ മൂന്നുവർഷം മരണപ്പെട്ടവർക്ക് വിവിധ പദ്ധതികളിൽ സർക്കാർ പണം നൽകിയോ? ആർക്കാണ് തുക ആ പോയതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു.
















































