തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര നടപ്പാക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്കായി സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ ആനുകൂല്യം സ്വമേധയാ വേണ്ടെന്നുവെക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള സ്ത്രീകൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുകയാണെങ്കിൽ അർഹരായവർക്ക് ആനുകൂല്യം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും ഇത്തരം സ്ത്രീകൾ സഹകരിക്കുമെങ്കിൽ പദ്ധതി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ പാചകവാതക സബ്സിഡി ഉപേക്ഷിക്കാനുള്ള ‘ഗിവ് അപ്പ്’ പദ്ധതിയെ ഉദാഹരിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ‘എനിക്ക് സമ്പാദ്യമുണ്ട്, അതുകൊണ്ട് മറ്റൊരു സ്ത്രീയുടെ അവകാശം ഞാൻ പിടിച്ചുപറിക്കില്ല’ എന്ന് കേരളത്തിലെ ബഹുഭൂരിപക്ഷം സാമ്പത്തിക ഭദ്രതയുള്ള സ്ത്രീ യാത്രികർ തീരുമാനിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഇത്തരം തീരുമാനം സർക്കാറിനും പദ്ധതിയുടെ പിന്നിൽ പ്രവർത്തിച്ചവർക്കും നൽകുന്ന ആദരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
















































