തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽ ബിജെപി കൗൺസിലർ സുഗതനെപ്പോലെ ഒരു ഗുണ്ടാ തലവൻ ഉണ്ടായിട്ടില്ലെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. വഴോട്ട്‌കോണം ജനങ്ങൾക് പറ്റിയ അബദ്ധമാണ് സുഗതനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ നഗരസഭയിൽ റീൽസ് ഭരണമാണെന്നും ശിവൻകുട്ടി പറഞ്ഞു. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിൽ നടത്തിയ മാർച്ചിലായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.
‘ബിജെപി കോർപ്പറേഷനിൽ അധികാരത്തിൽ വന്നതിന് ശേഷം തിരുവനന്തപുരം നാറി. കോർപ്പറേഷനുള്ളിൽ സുഗതന്റെ നേതൃത്വത്തിൽ ആയുധ ശേഖരം ഉണ്ടെന്നു ന്യായമായി സംശയിക്കുന്നു. പോലീസ് പരിശോധന നടത്തണം. മേയറും ഡെപ്യൂട്ടി മേയറും രാവിലെ മുതൽ റീൽസ് ചെയ്യുന്നതാണ് പണി- വി ശിവൻകുട്ടി പറഞ്ഞു.
അതേസമയം ഇങ്ങനെ ക്രിമിനൽ സ്വഭാവമുള്ള ഒരാൾ കൗൺസിലറായി ഇരുന്നിട്ടില്ലെന്ന് സുഗതനെ കുറിച്ച് മുൻ മന്ത്രി കെ എൻ ബാലഗോപാലും പറഞ്ഞു. ഉത്തരേന്ത്യൻ രാഷ്ട്രീയം നടപ്പാക്കാൻ കേരളത്തിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സുഗതന്റെ പേരിൽ ഉള്ളത് രാഷ്ട്രീയ കേസുകൾ അല്ല. കേരളത്തെ ഉത്തരേന്ത്യയെ പോലെ ആക്കാനാണ് ബിജെപി ശ്രമം. അതുപോലെ ആർ ശ്രീലേഖയെ പോലുള്ളവർ കാപ്പ കേസ് പ്രതിക്ക് വേണ്ടി തെരുവിൽ മുദ്രാവാക്യം വിളിച്ചു. ഇവരാണല്ലോ മുൻ ഡിജിപി ആയി ഇരുന്നത്’, കെ എൻ ബാലഗോപാൽ പറഞ്ഞു.
സുഗതന്റെ അറസ്റ്റിനെ കുറിച്ച് തോറ്റ് തൊപ്പി ഇട്ട ഡിജിപി പറഞ്ഞത് പട്ടി ഷോ ആണെന്നാണ് എന്ന് ആർ ശ്രീലേഖയെ ഉന്നംവെച്ച് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്‌യും അഭിപ്രായപ്പെട്ടു. നിങ്ങളുടെ കാലത്ത് പട്ടി ഷോ ആയിരുന്നോ എന്നും ജോയ് പരിഹസിച്ചു ചോദിച്ചു. 23ന് മുൻപ് കൗൺസിലറെ പുറത്താക്കിയില്ലെങ്കിൽ കോർപ്പറേഷന് മുന്നിൽ ഇടത് കൗൺസിലർമാർ റിലേ സത്യാഗ്രഹം ഇരിക്കുമെന്നും ജോയ് പറഞ്ഞു.
അതേസമയം വധശ്രമക്കേസിൽ ഒളിവിലായിരുന്ന സുഗതനെ നാടകീയ രംഗങ്ങൾക്കൊടുവിലായിരുന്നു രാത്രിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. സുഗതന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു അറസ്റ്റ്. കാപ്പ ചുമത്തിയിട്ടുള്ള ഇയാളെ അറസ്റ്റ് ചെയ്യാൻ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. പിടികൂടാനെത്തിയ പോലീസിനെ സുഗതന്റെ അനുയായികൾ വളഞ്ഞതോടെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിർത്തു. ഇതിനിടെ സുഗതന്റെ അനുയായികളുടെ ആക്രമണത്തിൽ പോലീസുകാർക്ക് പരുക്കേറ്റിരുന്നു. എന്നാൽ താൻ ഒളിവിലായിരുന്നില്ല എന്നും ചിക്കൻ പോക്സ് ആയതിനാൽ വിശ്രമത്തിലായിരുന്നു എന്നുമായിരുന്നു സുഗതന്റെ വാദം.
















































