കാസർകോട്: ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം ചങ്ങനാശേരി സ്വദേശിയായ അപ്പു ടി. ഏബ്രഹാമിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബേക്കൽ തീരദേശ പോലീസിനെ അറിയിക്കുകയായിരുന്നു. അതേസമയം കാണാതായ അങ്കിത് ബാലുവിനായി (20) തെരച്ചിൽ തുടരുകയാണ്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്യ റെഡ്മൂൺ ബീച്ചിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് സംഭവം. ചങ്ങനാശേരിയിലെ ഒരു ബാറിൽ ജോലി ചെയ്തിരുന്ന ഇവർ ജോലി രാജിവച്ചശേഷം വിനോദയാത്രയ്ക്കായി ബേക്കലിലെത്തുകയായിരുന്നു.
സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയ യുവാക്കൾ ശക്തമായ തിരമാലയിൽപ്പെട്ടു. കൂടെയുണ്ടായിരുന്ന അലൻ സോണി, അലൻ ദേവസ്യ എന്നിവർ രക്ഷപ്പെട്ടു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കണ്ടെത്തിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം കാണാതായ രണ്ടാമത്തെ യുവാവിനായുള്ള തെരച്ചിൽ കോസ്റ്റ് ഗാർഡിന്റെയും തീരദേശ പോലീസിന്റെയും നേതൃത്വത്തിൽ തുടരുകയാണ്.
















































