കൊല്ലം: കൊല്ലത്ത് അഭയകേന്ദ്രത്തിൽ 72 കാരിക്കും 70 കാരിക്കും ക്രൂര പീഡനം. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വയോധികരായ അന്തേവാസികളെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ സ്ഥാപനത്തിന്റെ നടത്തിപ്പുകാരിലൊരാളായ അഞ്ചൽ സ്വദേശി ബ്രഹ്മദാസിനെ അറസ്റ്റ് ചെയ്തതു.
തെന്മല 14ാം വാർഡിൽ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിലാണ് ക്രൂരമായ സംഭവം. സ്ത്രീകളും പുരുഷൻമാരുമായി 12 ഓളം വയോധികരാണ് ഇവിടെ താമസിക്കുന്നത്.
കഴിഞ്ഞ ദിവസം അഭയകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾ സമീപത്തെ വീടുകളിൽ എത്തി തങ്ങൾക്ക് നേരിട്ട അതിക്രമത്തെ പറ്റി തുറന്നു പറഞ്ഞപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. 2018ൽ ബ്രഹ്മദാസിനറെ ഭാര്യയാണ് സ്ഥാപനം തുടങ്ങിയത്. ഭാര്യയുടെ മരണശേഷമാണ് ഇയാൾ സ്ഥാപനം ഏറ്റെടുത്തത്. അസമയത്ത് സ്ഥിരമായി മദ്യപിച്ച് എത്തുന്ന ഇയാൾ ശാരീരികമായും ലൈംഗികമായും ആക്രമിച്ചെന്നാണ് വയോധികമാരുടെ വെളിപ്പെടുത്തൽ.
ബലമായി മദ്യം നൽകി ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. സ്ത്രീകളുടെ കുളിമുറിയിൽ സിസിടിവി ക്യാമറ ഇയാൾ സ്ഥാപിച്ചിരുന്നു. അതിക്രമത്തിന് ഇരയായ വയോധികരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ബ്രഹ്മദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്ഥാപനത്തിലെ മറ്റ് അന്തേവാസികൾക്ക് സംരക്ഷണം ഒരുക്കുമെന്ന് പൊലീസ് പറഞ്ഞു.
















































