വാഷിങ്ടൺ: ഇറാനെതിരെ കൂടുതൽ ശക്തമായ സൈനിക നടപടികൾക്ക് അമേരിക്ക തയ്യാറെടുക്കുകയാണെന്നും ഇന്ന് രാത്രി അവർക്ക് അതി കഠിനമായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തുടർച്ചയായ മൂന്നാം രാത്രിയും ആക്രമണം തുടരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സാമൂഹികമാധ്യമമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ഇറാന്റെ നാവിക, വ്യോമ പ്രതിരോധ ശേഷികൾ ഇതിനകം തന്നെ വലിയ തോതിൽ തകർന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം. വരും ദിവസങ്ങളിൽ ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകൾ അമേരിക്കയുടെ നിയന്ത്രണത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഖാർഗ് ദ്വീപിലൂടെയാണ് നടക്കുന്നത്. രാജ്യത്തിന്റെ എണ്ണ-വാതക അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള നടപടികൾ തുടരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിലുള്ള അമേരിക്ക-ഇറാൻ വെടിനിർത്തൽ കരാർ പ്രായോഗികമായി അവസാനിച്ചുവെന്ന സൂചനയും അദ്ദേഹത്തിന്റെ പ്രസ്താവനകളിലുണ്ട്.
അതേസമയം മേഖലയിലെ സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ അറിയിച്ചു. എണ്ണ ടാങ്കറുകൾ ഉൾപ്പെടെ എല്ലാ വാണിജ്യ കപ്പലുകൾക്കും കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് ലംഘിക്കുന്ന കപ്പലുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ അമേരിക്ക പലതവണ ലംഘിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആരോപിച്ചു. ഇതോടെയാണ് കടലിടുക്ക് അടയ്ക്കുന്ന തീരുമാനത്തിലേക്ക് രാജ്യം നീങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
ലോകത്തെ എണ്ണ-വാതക വ്യാപാരത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഹോർമുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ കടലിടുക്ക് അടച്ചത് അന്താരാഷ്ട്ര എണ്ണവിലയിൽ വലിയ ചലനങ്ങൾക്ക് കാരണമായേക്കുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.

















































