കോഴിക്കോട്: ഫറോക്ക് സ്വദേശിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രാമനാട്ടുകര നഗരസഭാ പരിധിയിലെ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ സാമ്പിളുകൾ പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച് നടത്തിയ വിശദമായ പരിശോധനാ ഫലവും പോസിറ്റീവായി.
കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇന്നലെ രോഗബാധ കണ്ടെത്തിയതിനെ തുടർന്നാണ് സ്രവ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചത്. രോഗബാധിതനായ യുവാവ് നിലവിൽ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ തുടരുകയാണ്.
നേരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ ഇന്നലെ രാത്രിയോടെയാണ് മെഡിക്കൽ കോളജിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കടുത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.
കൂടാതെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. വീട്ടുകാരും അയൽവാസികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 77 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 58 പേർ ആരോഗ്യ പ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളും അഞ്ചുപേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്. ഇവരിൽ ആർക്കും തന്നെ നിലവിൽ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം സമ്പർക്ക പട്ടികയിലെ രണ്ടുപേർ ഏറ്റവും ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 13 പേർ ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലും 62 പേർ അപകടസാധ്യത കുറഞ്ഞ വിഭാഗത്തിലും ആണുള്ളത്. ഇതിൽ ആദ്യരണ്ടു വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ട്. രോഗബാധിതന്റെ റൂട്ട് മാപ്പും തയ്യാറായിട്ടുണ്ട്.
സംസ്ഥാനതലത്തിലുള്ള നിർദ്ദേശം അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കാൻ രാമനാട്ടുകര മുൻസിപ്പാലിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സംസ്ഥാനതലത്തിലുള്ള നിർദ്ദേശം വന്നാൽ ഈ ഭാഗം ആവശ്യമെങ്കിൽ കണ്ടെയ്ൻമെന്റ് സോണാക്കാനും തീരുമാനമുണ്ട്.
ഇതിനിടെ ഫീൽഡ് തലത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചു. രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ആർആർടി യോഗം ചേർന്നു. പി പി കിറ്റ്, ഗ്ലൗസ്, മാസ്ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. മുൻകരുതലായി മരുന്നുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജനങ്ങൾക്ക് സംശയനിവാരണത്തിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. നമ്പറുകൾ: 0495 2373 901, 9072007767.
















































