ഞാൻ തളർന്നുനിന്ന നിമിഷങ്ങളിൽ, സൈബർ ആക്രമണങ്ങളാലും വ്യാജ ആരോപണങ്ങളാലും വേദനിച്ച എന്നെ ഒരു ഫയലായോ പരാതിയായോ കാണാതെ ഹൃദയത്തോടെ കേട്ട ഒരാളായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍. ഞാൻ നേരിട്ട വേദനയും അനീതിയും മനസ്സിലാക്കി, എനിക്ക് നീതി ലഭിക്കാൻ കൂടെ നിന്ന ആ കരുതലും പിന്തുണയും ജീവിതത്തിൽ ഒരിക്കലും മറക്കില്ല. നന്ദി പറയാൻ വാക്കുകൾ തേടുമ്പോഴും, ഹൃദയം നിറയുന്നത് കണ്ണീരുകൊണ്ടാണ്. ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിന് മുമ്പ് എന്റെ ഹൃദയത്തോട് ഏറ്റവും അടുത്ത ചില നല്ല മനുഷ്യരെ കൂടി ഓർക്കാതെ വയ്യ. ജീവിതം എന്നെ ഏറ്റവും കൂടുതൽ പരീക്ഷിച്ച സമയങ്ങളിൽ, ഞാൻ വഴിയറിയാതെ നിന്ന നിമിഷങ്ങളിൽ, എന്റെ കൈവിടാതെ കൂടെ നിന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇന്ന് എനിക്ക് താങ്കളുടെ മുന്നിൽ എത്താനും എന്റെ വേദനകൾ തുറന്ന് പറയാനും കഴിയുമായിരുന്നില്ല.
എന്റെ ജീവിതത്തിലെ ആ ഇരുണ്ട ദിവസങ്ങളിൽ അവർ എനിക്ക് പ്രതീക്ഷയും കരുത്തും നൽകി. ഇന്ന് ഞാൻ സമാധാനത്തോടെ ഈ നന്ദിയുടെ വാക്കുകൾ എഴുതുന്നുണ്ടെങ്കിൽ, അതിൽ അവരുടെ സ്നേഹത്തിന്റെയും പിന്തുണയുടെയും വലിയൊരു പങ്കുണ്ട്. ഈ നിമിഷത്തിൽ അവരോടുള്ള എന്റെ നന്ദി ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് അറിയിക്കുന്നു. സത്യമായി പറഞ്ഞാൽ, രാഷ്ട്രീയത്തോട് എനിക്ക് മുമ്പ് പ്രത്യേകമായ താൽപ്പര്യമോ അടുപ്പമോ ഉണ്ടായിരുന്നില്ല. എന്നാൽ താങ്കളെപ്പോലുള്ള മനുഷ്യരെ കാണുമ്പോൾ രാഷ്ട്രീയം എന്നതിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറി.
ജനങ്ങളുടെ കണ്ണീരിന് വില കൊടുക്കുന്ന, അവരുടെ വേദന മനസ്സിലാക്കുന്ന, പ്രതിസന്ധിയിൽ ഒപ്പമിരിക്കുന്ന നേതാക്കളുള്ള ഒരു പ്രസ്ഥാനത്തോട് ബഹുമാനം തോന്നുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ഇന്ന് യു.ഡി.എഫ് പ്രസ്ഥാനത്തോടും എനിക്ക് വലിയ ആദരവും ബഹുമാനവും തോന്നുന്നുവെന്ന് കുറിപ്പില്‍ പറയുന്നു.

















































