കൊച്ചി: അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവച്ചതിന് പിന്നാലെ നടി അൻസിബ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. കൂടാതെ നടി ലക്ഷ്മി പ്രിയക്കെതിരെയും അൻസിബ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ തുടർച്ചയായി ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ പറഞ്ഞത്. അതുപോലെ തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.
അതേസമയം നടി ലക്ഷ്മി പ്രിയക്കും വനിതാ എസ്ഐക്കും എതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ല, വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഈ പരാതിയിൽ കേസെടുക്കാനാവില്ലായെന്ന് ചൂണ്ടിക്കാണിച്ച് തൃക്കാക്കര എ സി പി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. വ്യാജ പരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും വനിതാ എസ് ഐ യും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു അൻസിബയുടെ പരാതി. അതുപോലെ അൻസിബക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും അടിസ്ഥാനമില്ലെന്നും പോലീസ് വ്യക്തമാക്കി.
ഇതിനിടെ പോലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ പറഞ്ഞിരുന്നു. അതേസമയം അമ്മ സംഘടനയുടെ ഫെബ്രുവരി 14 ന് നടന്ന കുടുംബ സംഗമത്തിൻറെ സ്പോൺസർഷിപ്പ് സംബന്ധിച്ച് ഉടലെടുത്ത ആഭ്യന്തര തർക്കമാണ് സംഘടനയുടെ മുന്നോട്ടുപോക്കിനെ തന്നെ ദുർബലപ്പെടുത്തുന്ന തരത്തിൽ ഇപ്പോൾ വളർന്നിരിക്കുന്നത്. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് അമ്മയുടെ കുടുംബ സംഗമത്തിൻറെ സ്പോൺസർ ആയി എത്തിയത്. ഒരു മത സ്ഥാപനം അമ്മയുടെ പരിപാടിക്ക് സ്പോൺസർ ആവുന്നതിനെ എക്സ്ക്യൂട്ടീവ് കമ്മിറ്റിയിൽ അൻസിബ ഹസൻ ഉൾപ്പെടെ പലരും എതിർത്തിരുന്നു. ദല്ലാൾ നന്ദകുമാർ എന്നറിയപ്പെടുന്ന ടി ജി നന്ദകുമാർ പ്രസിഡൻറായ ക്ഷേത്രമാണ് ഇത്. കുടുംബ സംഗമത്തിന് പിന്നാലെ അൻസിബ സംഘടനയിലെ ജോയിൻറ് സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലും ജോലി സംബന്ധമായ തിരക്കുകളാലുമാണ് അൻസിബ രാജി വച്ചതെന്നാണ് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ തൻറെ രാജിക്ക് കാരണം ടിനി ടോം ആണെന്ന് അൻസിബ പിന്നീട് വ്യക്തമാക്കുകയായിരുന്നു.
താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം മോശം കഥകൾ സൃഷ്ടിക്കുമായിരുന്നെന്നും താൻ ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞു പരത്തിയെന്നും അൻസിബ പറഞ്ഞിരുന്നു. കൂടാതെ തൃപ്പൂണിത്തുറ എസ്ഐ രേഷ്മയ്ക്കും നടി ലക്ഷ്മിപ്രിയയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും അൻസിബ ഒരു പരാതിയും കൊടുത്തിരുന്നു. ഈ പരാതി പോലീസ് മേധാവിക്ക് മുഖ്യമന്ത്രി കൈമാറിയിട്ടുണ്ട്. അതേസമയം ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ നേരത്തെ പ്രതികരിച്ചിരുന്നു. “കേരളം പോലെ സെക്കുലർ ആയ ഒരു സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്. ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചത്. മലയാളികൾക്ക് കാര്യം മനസിലായിട്ടുണ്ട്. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ”, ടിനിക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.
















































