ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘ശക്തി’ കാരണം കച്ചവടം നടക്കാത്ത് മനോവിഷമത്തില്‍ മകനെയും ഭാര്യയെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി. സ്വന്തം കടയില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. ചൊവ്വാഴ്ച പുലര്‍ച്ചെ 65-കാരനായ പ്രഭാകരന്‍ എന്ന വസ്ത്ര വ്യാപാരിയാണ് മരിച്ചത്.
ആത്മഹത്യാക്കുറിപ്പിലാണ് താന്‍ മരിക്കുന്നതിന്റെ കാരണം പറഞ്ഞിരിക്കുന്നത്. സ്ത്രീകള്‍ പ്രാദേശികമായി തുണിത്തരങ്ങള്‍ വാങ്ങുന്നതിന് പകരം നഗരങ്ങളിലേക്ക് പോയി സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയതാണ് തന്റെ ബിസിനസില്‍ വന്‍ നഷ്ടമുണ്ടാക്കിയതെന്നും, ഇതേത്തുടര്‍ന്ന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ പോയതായും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ഭാര്യ ജ്യോതി (55), മകന്‍ സന്തോഷ് (30) എന്നിവരെ വീട്ടില്‍ വെച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പുലര്‍ച്ചെ 3.30 ഓടെ നെഹ്റു നഗറിലുള്ള തന്റെ കടയില്‍ പോയി തൂങ്ങിമരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. മകന്‍ സന്തോഷിന്റെ വിവാഹം കഴിഞ്ഞിട്ട് അധിക നാളുകള്‍ ആയിരുന്നില്ല. ദുരന്തം നടക്കുമ്പോള്‍ സന്തോഷിന്റെ ഭാര്യ നല്ല ഉറക്കത്തിലായിരുന്നു. രാവിലെ അമ്മായിയമ്മയെ വിളിക്കാന്‍ മുറിയില്‍ ചെന്നപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്.















































