അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ അതിരുവിട്ടു പെരുമാറിയ ഓൺലൈൻ വീഡിയോ ചാനലുകൾക്കെതിരെ രമേഷ് പിഷാരടി എംഎൽഎ. തന്നെ സംബന്ധിച്ച് ഇതു ആദ്യത്തെ അനുഭവമല്ലെന്നും, സുബിയും നവാസിക്കയുമെല്ലാം മരിച്ചപ്പോൾ ഇതായിരുന്നു അവസ്ഥയെന്നും പിഷാരടി പറഞ്ഞു. പക്ഷെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ ഉണ്ടായതെന്നും മുഖ്യമന്ത്രിയും ചന്തുവും അടക്കം അപേക്ഷിച്ചിട്ടും മൊബൈൽ ക്യാമറകളുമായി തിക്കിക്കൂടിയവർ പിന്മാറിയില്ലെെന്നും രമേഷ് പിഷാരടി ചൂണ്ടിക്കാട്ടി
രമേഷ് പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ:
‘സ്വകാര്യത ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശമാണ്. എന്നാൽ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എല്ലാ അതിർവരമ്പുകളും ലംഘിച്ച കാഴ്ചയാണ് സലീമേട്ടന്റെ മരണവീട്ടിൽ കാണാൻ സാധിച്ചത്. നടി സുബിയും നവാസിക്കയും മരിച്ച സമയത്തും ഇത് പലതരത്തിൽ സഹപ്രവർത്തകരായ ഞങ്ങളും ബന്ധുമിത്രാദികളും ഒക്കെ അനുഭവിച്ചിട്ടുണ്ട്. സലീമേട്ടൻ മരിച്ചപ്പോൾ എല്ലാ സീമകളെയും ലംഘിച്ച കടന്നുകയറ്റമായിരുന്നു.
ഒരു സെറ്റ് മൊബൈൽ മാധ്യമ പ്രവർത്തകരും ഒപ്പം തന്നെ കാഴ്ചക്കാരായിട്ടുള്ളവരും എല്ലാ കാര്യങ്ങളും ഷൂട്ട് ചെയ്യണമെന്ന് എന്തോ നിർബന്ധമുള്ളതുപോലെ എത്തി. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം അങ്ങനെ ഒരു സംഭവം ഉണ്ടായത്. ചിത കത്തി കഴിഞ്ഞ ശേഷം മുറിയിൽ എത്തിയപ്പോൾ ചന്തു എന്നോട് ചോദിച്ചു, ‘ചേട്ടാ ഞാൻ അങ്ങനെ ഒച്ച എടുത്തത് മോശമായി പോയോ’ എന്ന്. ഇല്ല, മറ്റൊരു വഴി ഇല്ലാത്തതുകൊണ്ടല്ലേ എന്നാണ് ഞാൻ ചന്തുവിനോട് പറഞ്ഞത്. മരണശേഷം ഞാൻ വന്ന് നിങ്ങളെ ഉപദ്രവിക്കില്ല, അതുകൊണ്ട് എനിക്ക് ചടങ്ങുകൾ ഒന്നും വേണ്ട എന്ന സലീമേട്ടൻ പറഞ്ഞിരുന്നു. ഒരുവിധത്തിൽപെട്ട മതപരമായ ചടങ്ങുകളും അവിടെ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് പോലീസിന്റെ ഒരു ചടങ്ങാണ്. പോലീസിന് തോക്കുമായി ഒന്നു തിരിക്കാൻ പോലും സാധിക്കാത്ത രീതിയിൽ ഇതിനു ചുറ്റും ആളുകൾ കൂടി നിന്നു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അവിടെ ഒരു സാധാരണക്കാരെ പോലെനിന്ന് അപേക്ഷിക്കുകയാണ്, ‘നിങ്ങൾ ഒന്നു മാറി നിൽക്കൂ, ഈ ചടങ്ങ് നടത്തിക്കോട്ടെ എന്ന്’.
സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തൊട്ട് ഞങ്ങളും മരിച്ചു കിടക്കുന്ന ആളുടെ മകൻ ഉൾപ്പെടെ അപേക്ഷിച്ചിട്ടും ഒരാൾ പോലും അത് അനുസരിക്കാതെ, മാന്യത കാണിക്കാതെ അവിടെ തിങ്ങികൂടിയതുകൊണ്ട് ഉണ്ടായ വികാരപ്രകടനമായിരുന്നു അവിടെ സംഭവിച്ചത്. ചന്തുവിനെ സംബന്ധിച്ചിടത്തോളം അത് ആ നിമിഷത്തിൽ തുടങ്ങിയതല്ല. സലീമേട്ടന്റെ ശരീരം അവിടെ എത്തിച്ച ശേഷം ഫ്രീസറോടു കൂടി എടുത്തിട്ടാണ് ഹാളിനകത്തോട്ട് കൊണ്ടുവരുന്നത്. അത് കൊണ്ടുവരുമ്പോൾ പോലും അതിനു ചുറ്റും മൊബൈലുമായി വളരെ പതുക്കെയാണ് ഈ സംഘം പുറകിലോട്ട് നടക്കുന്നത്. ഫ്രീസർ ചുമന്നുനിൽക്കുന്നവർ പത്തുപ്രാവശ്യമെങ്കിലും ‘അല്പം സ്പീഡിൽ നടക്കണം, നിങ്ങൾ മാറൂ’ എന്ന് പറഞ്ഞിട്ട് പോലും അവരത് ചെയ്യാതിരിക്കുന്നത് വളരെ വേദനാജനകമാണ്.















































