ന്യൂഡൽഹി: ഭൂമിയിലെ ഭൂരിഭാഗം സംരംഭങ്ങളും ഇപ്പോൾ സ്വകാര്യ കമ്പനികളുടെ കാൽചുവട്ടിലാണ്. ഇപ്പാഴിതാ ആകാശവും സ്വകാര്യ കമ്പനികളുടെ കൈകളിലേക്ക് എത്തുന്നു. ചന്ദ്രയാൻ മൂന്ന് അടക്കം ഐഎസ്ആർഒയുടെ അഭിമാന ദൗത്യങ്ങൾ വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റാണ് ഇപ്പോൾ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽവിഎം-3യുടെ സാങ്കേതിക വിദ്യ സ്വകാര്യ കമ്പനികൾക്ക് കൈമാറാൻ നടപടിക്രമങ്ങൾ തുടങ്ങി.
ഇതിന്റെ ആദ്യ പടിയായി ഇൻസ്പേസ് സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. ഏഴ് വർഷം ബഹിരാകാശമേഖലയിൽ പ്രവർത്തി പരിചയമുള്ള കമ്പനികൾക്ക് അപേക്ഷിക്കാം. ഇന്ത്യൻ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള കമ്പനികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ. സർക്കാർ പങ്കാളിത്തമുള്ള കമ്പനികൾക്ക് അപേക്ഷിക്കാൻ അനുമതിയില്ല. അതിനാൽ തന്നെ എച്ച്എഎല്ലിന് പങ്കെടുക്കാനാകില്ല.
അതേസമയം ഐഎസ്ആർഒയുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ സാങ്കേതിക വിദ്യ നേരത്തേ പുറത്തേക്ക് കൈമാറിയിരുന്നു. ഈ കരാർ എച്ച്എഎൽ ആണ് നേടിയത്. പിഎസ്എൽവി സാങ്കേതിക വിദ്യ കൈമാറാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.















































