ന്യൂഡൽഹി: മതം മാറിയതിൽ ലവ് ജിഹാദ് ആരോപണം തള്ളി ഉത്തർപ്രദേശിലെ ആയുഷ് മാലിക്. ഷാംലിയിലെ കോടീശ്വരനായ വ്യവസായിയുടെ മകനാണ് ആയുഷ് മാലിക്. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചതെന്നും ഇപ്പോൾ മുഹമ്മദ് അലി എന്ന പേരാണ് താൻ ഉപയോഗിക്കുന്നതെന്നും ആയുഷ് പറഞ്ഞു. ആയുഷ് മാലിക് പെരുന്നാൾ നമസ്‌കാരം നിർവഹിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഇതിന് പിന്നാലെ, ഷാംലിയിലെ പ്രശസ്തമായ ഒരു മെഡിക്കൽ സ്റ്റോർ ഉടമയും ആയുഷിന്റെ പിതാവുമായ ദേവരാജ് മാലിക് പൊലീസിൽ പരാതി നൽകി.
തന്റെ മകനെ ഒരു പ്രണയക്കെണിയിൽ പെടുത്തുകയായിരുന്നുവെന്നും, സ്വത്ത് ലക്ഷ്യമിട്ട് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണ് മതപരിവർത്തനം നടന്നതെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് പൊലീസ് സംസ്ഥാനത്തെ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം കേസെടുക്കുകയും ആയുഷിന്റെ ഭാര്യ ചാന്ദ്‌നി ഖുറൈശി, അവരുടെ പിതാവ് ഇസ്‌ലാം ഖുറൈശി എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
എന്നാൽ, തന്നെ നിർബന്ധിച്ചോ ബ്രെയിൻവാഷ് ചെയ്‌തോ മതം മാറ്റിയതാണെന്ന ആരോപണങ്ങൾ ആയുഷ് മാലിക് പൂർണമായി തള്ളി. ചെറുപ്പകാലം മുതലേ തനിക്ക് ഇസ്‌ലാമിനോട് താത്പര്യമുണ്ടായിരുന്നുവെന്നും, വർഷങ്ങളോളം ഓൺലൈൻ പ്രഭാഷണങ്ങളിലൂടെയും മതഗ്രന്ഥങ്ങളിലൂടെയും ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്നും ആയുഷ് പറഞ്ഞു. മതം മാറാനുള്ള തീരുമാനം തികച്ചും വ്യക്തിപരവും സ്വമേധയാ ഉള്ളതുമായിരുന്നു എന്നാണ് ആയുഷ് വ്യക്തമാക്കുന്നത്. ഏകദേശം നാല് വർഷം മുമ്പ് ഡൽഹിയിൽ വെച്ച് ചാന്ദ്‌നി ഖുറൈശിയെ വിവാഹം കഴിച്ച സമയത്താണ് താൻ ഔദ്യോഗികമായി ഇസ്‌ലാം സ്വീകരിച്ചതെന്ന് മാലിക് പറഞ്ഞു. കുടുംബസ്വത്തുമായി ഈ മതപരിവർത്തനത്തിന് യാതൊരു ബന്ധവുമില്ല. ഇത് തങ്ങളുടെ സ്വകാര്യ കുടുംബപ്രശ്‌നമാണ്. കുടുംബസ്വത്തിലുള്ള തന്റെ അവകാശങ്ങളെല്ലാം അമ്മയ്ക്കും സഹോദരിമാർക്കുമായി വിട്ടുകൊടുക്കാൻ താൻ തയ്യാറാണെന്നും ആയുഷ് വ്യക്തമാക്കി.

















































