ഹൈദരാബാദ്: നഗരത്തിലെ കുക്കട്പള്ളി മേഖലയിൽ പ്രവർത്തിച്ചിരുന്ന പ്രശസ്തമായ പബ്ബിൽ അർധരാത്രി നടന്ന അപ്രതീക്ഷിത റെയ്ഡിൽ അനാശാസ്യ പ്രവർത്തനങ്ങളും ഗുരുതര നിയമലംഘനങ്ങളും കണ്ടെത്തി. 2018 ബാച്ച് തെലങ്കാന കേഡർ ഉദ്യോഗസ്ഥയും കൂക്കട്ട്പള്ളി ഡിസിപിയുമായ രീതി രാജ് വ്യക്തിപരമായി നടത്തിയ രഹസ്യ നിരീക്ഷണത്തിന് ശേഷമാണ് ക്ലബ് മസ്തി എന്ന പേരിൽ അറിയപ്പെടുന്ന കിങ്സ് ആന്റ് ക്വീൻസ് പബ്ബിൽ റെയ്ഡ് നടത്തിയത്. പബ്ബിനുള്ളിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നതായി പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അടിയന്തര നീക്കം.
ഞായറാഴ്ച പുലർച്ചെയായിരുന്നു റെയ്ഡ് നടത്തിയത്. ഇവിടെ നടത്തിയ റെയ്ഡിൽ പബ്ബ് കേന്ദ്രീകരിച്ച് പെൺവാണിഭവും അനാശാസ്യ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. പ്രായപൂർത്തിയാകാത്തവർ മദ്യം വിളമ്പുന്ന സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ മാനേജ്‌മെന്റ് യാതൊരു സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നില്ല. അനുവദനീയമായ സമയപരിധി ലംഘിച്ചും പബ്ബിൽ ഭക്ഷണവും മദ്യവും വിളമ്പിയിരുന്നു. പോലീസിന്റെ സാധുവായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.
അതുപോലെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പബ്ബിൽ വേശ്യാവൃത്തി ഉൾപ്പെടെയുള്ള അനാചാര പ്രവർത്തനങ്ങൾ നടന്നു വന്നതായി കണ്ടെത്തി. ഉപഭോക്താക്കളെ ആകർഷിക്കാൻ സ്ത്രീകളെ ഉപയോഗിക്കുകയും അതിലൂടെ അധിക ബിൽ ഈടാക്കുകയും ചെയ്തതായി സൂചനകളുണ്ട്.
റെയ്ഡിനിടെ നാല് സ്ത്രീകളും അഞ്ച് പുരുഷന്മാരുമടങ്ങിയ ഒമ്പത് സ്റ്റാഫ് അംഗങ്ങളെ കസ്റ്റഡിയിലെടുത്തു. ഇവരെ KPHB പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പോലീസ് രേഖകൾ പ്രകാരം 2025-ൽ തന്നെ ഈ പബ്ബിനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നിയമലംഘനങ്ങൾ തുടർന്നുവെന്നാണ് ആരോപണം. നിലവിലെ സംഭവത്തിൽ ഭാരതീയ ന്യായ സനിത (BNS) ഉൾപ്പെടെയുള്ള നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മുൻപ് നിയമനടപടികൾ നേരിട്ടിട്ടും പബ്ബ് അധികൃതർ നിയമലംഘനങ്ങൾ തുടരുകയായിരുന്നുവെന്നും പോലീസ് പറയുന്നു.


















































