നഴ്‌സുമാരുടെ വസ്ത്രധാരണം ‘ഭാരതീയ രീതിയിലാക്കണം’ എന്ന കങ്കണയുടെ പ്രസ്താവന സ്ത്രീവിരുദ്ധവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി മലയാള ചലച്ചിത്ര താരങ്ങളായ മാലാ പാർവതിയും ജുവൽ മേരിയും മനോരമ ന്യൂസിലൂടെ കടുത്ത ഭാഷയിൽ പ്രതികരിച്ചു. കങ്കണയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് മാലാ പാർവതി വ്യക്തമാക്കി. ഇവിടെ ജോലി ചെയ്യുക എന്നത് ഓരോരുത്തരുടെയും ഭരണഘടനാപരമായ അവകാശമാണെന്ന് ഓർമിപ്പിച്ച മാലാ പാർവതി, നഴ്സിങ് സമൂഹത്തെ ഇത്തരത്തിൽ അപമാനിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചു.
താൻ ഉൾപ്പെടുന്ന സിനിമ മേഖലയെ ചൂണ്ടിക്കാട്ടി മാലാ പാർവതി കങ്കണക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. സ്ത്രീകളെ ഏറ്റവും കൂടുതൽ ‘ഒബ്ജക്റ്റീഫിക്കേഷൻ’ വസ്തുവൽക്കരണം നടത്തുന്നത് സിനിമയിലാണ്. അതിന് എല്ലാകാലത്തും നിന്നു കൊടുക്കുകയും അതിന്റെ നേട്ടങ്ങൾ കൊയ്യുകയും ചെയ്ത കങ്കണയ്ക്ക്, നഴ്സുമാരെ ഇങ്ങനെ പറയാൻ എന്ത് അധികാരമാണുള്ളതെന്ന് മാലാ പാർവതി ചോദിക്കുന്നു. ‘‘വളരെ സ്ത്രീവിരുദ്ധമായ, അപലപനീയമായ പ്രസ്താവനയാണ് കങ്കണ റണൗട്ട് നടത്തിയത്. ഇവിടെ ജോലി ചെയ്യുന്നത് ഓരോരുത്തരുടെയും ഭരണഘടനാപരമായ അവകാശമാണ്. ഫ്ലോറൻസ് നൈറ്റിങിലിനെ പോലെയുള്ള ഒരു സ്ത്രീയെ മനസ്സിൽ ധ്യാനിച്ച്, അവർ ചെയ്തിട്ടുള്ള പ്രവർത്തിയെ അത്രയും മനസ്സിൽ ഉൾക്കൊണ്ട് ആണ് നഴ്സുമാർ സേവനം ചെയ്യുന്നത്. കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ നഴ്സുമാർ ലോകമെമ്പാടും പോയി സേവനം ചെയ്യുന്നത്.
അവരുടെ അധ്വാനത്തെ വിലകൽപ്പിക്കുന്നില്ല എന്ന് മാത്രമല്ല അവരെ അധിക്ഷേപിക്കുന്ന പരാമർശം ആണിത്. നമ്മൾ ഒരു ആശുപത്രിയിൽ പോയി കിടന്നാൽ അറിയാം നമ്മളെ പരിചരിക്കാനും നമ്മുടെ മുറിവ് വച്ചു കെട്ടാനും മാലാഖമാരെ പോലെ പ്രവർത്തിക്കുന്നത് നഴ്സുമാരാണ്. അവരെ ഇങ്ങനെ അപമാനിക്കുന്നത് ശരിയാണോ. പ്രത്യേകിച്ചും സിനിമ മേഖലയിലുള്ള, അത് എന്റെ മേഖല തന്നെയാണ്, ആ മേഖലയിലുള്ള ഒരു സ്ത്രീക്ക് എങ്ങനെ സാധിക്കുന്നു.
ഏറ്റവും കൂടുതൽ സ്ത്രീകളെ ഒബ്ജക്റ്റിഫിക്കേഷൻ നടക്കുന്നത് സിനിമയിലാണ്, അതിന് എല്ലാകാലത്തും നിന്നു കൊടുക്കുകയും അതിന്റെ നേട്ടങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുള്ള ഒരാൾ എന്ന നിലയിൽ ഇവർക്ക് നഴ്സുമാരെ ഇങ്ങനെ പറയാൻ എന്ത് അധികാരമാണുള്ളത്. ഇവിടെ എണ്ണയില്ല, ഗ്യാസ് ഇല്ലാ, പരീക്ഷയുടെ പേപ്പറുകൾ ചോരുന്നു, ഇതൊക്കെയാണ് ഇവിടുത്തെ പ്രശ്നങ്ങൾ അല്ലാതെ ഭാരതീയവൽക്കരണം ലൈംഗികവൽക്കരണം എന്നൊക്കെ പറഞ്ഞുകൊണ്ട് വരാൻ ഇതാണോ ഈ രാജ്യത്ത് ഏറ്റവും വലിയ പ്രശ്നമെന്ന് മാലാ പാര്‍വതി പറഞ്ഞു.


















































