മുംബൈ: ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറേണ്ടിവന്നതില്‍ യാതൊരു നിരാശയോ പരിഭവമോ ഇല്ലെന്ന് വ്യക്തമാക്കി മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. തന്റെ പിന്‍ഗാമിയായി ശ്രേയസ് അയ്യരെ നിയമിച്ച സെലക്ടര്‍മാരുടെ തീരുമാനത്തെ അദ്ദേഹം പൂര്‍ണഹൃദയത്തോടെ സ്വാഗതം ചെയ്തു. ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിനെ നയിച്ച ശേഷം ക്യാപ്റ്റന്‍സി നഷ്ടമായെങ്കിലും, സഹതാരത്തിന്റെ ഉയര്‍ച്ചയില്‍ സന്തോഷം മാത്രമാണുള്ളതെന്ന് സൂര്യകുമാര്‍ പറഞ്ഞു.
മുംബൈ ടി20 ലീഗിന്റെ ടോസ് ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ നായകനായി ശ്രേയസ് അയ്യരെ തെരഞ്ഞെടുത്തതിനെ അഭിനന്ദിച്ച സൂര്യകുമാര്‍, താനും ശ്രേയസും ഒരുമിച്ച് മുംബൈ ക്രിക്കറ്റിലൂടെ വളര്‍ന്നവരാണെന്ന് ഓര്‍മിപ്പിച്ചു.
“ശ്രേയസ് ഇന്ത്യന്‍ ടീമിന്റെ നായകനായതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. ഞങ്ങള്‍ ഒരുമിച്ചാണ് മുംബൈയില്‍ ക്രിക്കറ്റ് കളിച്ചു വളര്‍ന്നത്. ഇന്ത്യയുടെ അവസാന മൂന്ന് ടി20 ക്യാപ്റ്റന്മാരായ രോഹിത് ശര്‍മ, ഞാന്‍, ഇപ്പോള്‍ ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം മുംബൈയില്‍ നിന്നുള്ളവരാണെന്നത് അഭിമാനകരമായ കാര്യമാണ്,” സൂര്യകുമാര്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തായെന്ന വാര്‍ത്ത പുറത്തുവന്നതിന് മണിക്കൂറുകള്‍ക്കകം തന്നെയായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം. വ്യക്തിപരമായ നഷ്ടത്തെക്കാള്‍ മുംബൈ ക്രിക്കറ്റിന്റെ നേട്ടത്തിനും സഹതാരത്തിന്റെ വളര്‍ച്ചയ്ക്കുമാണ് അദ്ദേഹം പ്രാധാന്യം നല്‍കിയതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.
ക്യാപ്റ്റന്‍സി നഷ്ടമായ സാഹചര്യത്തിലും അതീവ പക്വതയോടെയും കായികമനോഭാവത്തോടെയും പ്രതികരിച്ച സൂര്യകുമാറിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ശ്രദ്ധ നേടുകയാണ്. സഹതാരത്തിന് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ നിലപാടിനെ നിരവധി ക്രിക്കറ്റ് ആരാധകര്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.


















































