തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിലേക്ക് ബന്ധുവിനെ നിയമിച്ച സംഭവത്തിൽ മന്ത്രി സണ്ണി ജോസഫിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ വിമർശനം ശക്തമാകുന്നു. കെപിസിസി യോഗത്തിലാണ് വിഷയത്തിൽ നേതാക്കൾ അതൃപ്തി രേഖപ്പെടുത്തിയത്. നിയമനത്തിൽ നിയമപരമായ തടസ്സമില്ലെങ്കിലും കൂടുതൽ കരുതൽ പുലർത്തേണ്ടിയിരുന്നുവെന്നും വിമർശനങ്ങൾക്ക് ഇടനൽകരുതായിരുന്നുവെന്നുമാണ് യോഗത്തിൽ ഉയർന്ന അഭിപ്രായം.
മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതാണ് വിവാദത്തിന് കാരണമായത്. ബന്ധു നിയമനമെന്ന വിമർശനം ഉയർന്നതോടെയാണ് വിഷയം പാർട്ടിക്കുള്ളിലും ചർച്ചയായത്.
അതേസമയം, നിയമനത്തെ ന്യായീകരിച്ച് മന്ത്രി രംഗത്തെത്തി. ബെന്നി തോമസ് മാതൃകാപരമായ പൊതുപ്രവർത്തകനാണെന്നും മികച്ച ഭൂരിപക്ഷത്തിൽ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഏറ്റവും അടുത്ത് പ്രവർത്തിച്ച വ്യക്തികളിലൊരാളാണ് ബെന്നി തോമസെന്നും, ബന്ധുവാണെന്ന കാര്യം മറച്ചുവെച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
“വേണമെങ്കിൽ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്തി നിയമിക്കാമായിരുന്നു. എന്നാൽ അത്തരം കാപട്യത്തിന് ഞാൻ തയ്യാറായിരുന്നില്ല. വരുന്നവരോടൊക്കെ അദ്ദേഹം എന്റെ ബന്ധുവാണെന്ന് തുറന്നുപറഞ്ഞിരുന്നു,” എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി പ്രസിഡന്റായിരിക്കെ സണ്ണി ജോസഫിന്റെ സഹായി ആയിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസടക്കം 13 പേരെ ഉൾപ്പെടുത്തിയാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് പട്ടിക സർക്കാർ പുറത്തിറക്കിയത്. എന്നാൽ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദം സർക്കാരിന്റെയും കോൺഗ്രസിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.


















































