ടെഹ്റാൻ: പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടയിൽ ഇറാന്റെ ഇടപെടലുകളെ തള്ളിപ്പറഞ്ഞ് ലബനൻ സർക്കാർ രംഗത്തെത്തി. ലബനന്റെ ആഭ്യന്തര കാര്യങ്ങളിലും നയതന്ത്ര നിലപാടുകളിലും ഇറാൻ അഭിപ്രായം പറയേണ്ടതില്ലെന്ന് ലബനൻ പ്രസിഡന്റ് ജോസഫ് ഔൻ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തെ വെച്ച് മറ്റ് രാജ്യങ്ങളുമായി വിലപേശാൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സർക്കാർ, അനാവശ്യ ഇടപെടലുകൾ നടത്തരുതെന്ന് ലബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയ്ക്കും കർശന മുന്നറിയിപ്പ് നൽകി.
അതേസമയം നിലവിലെ സമാധാന കരാർ ലബനൻ ജനത പൂർണ്ണമായി തള്ളിക്കളയുമെന്ന് ഹിസ്ബുള്ളയും പ്രഖ്യാപനം നടത്തി. മേഖലയിൽ സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലും ലബനന് നേരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗത പ്രതിസന്ധി ഇനിയും നീണ്ടുപോയാൽ ലോകം കടുത്ത ഇന്ധനക്ഷാമത്തിലേക്ക് നീങ്ങുമെന്ന ആശങ്കയും ശക്തമാകുന്നുണ്ട്. നിലവിലുള്ള പ്രതിസന്ധി തുടർന്നാൽ ആഗോള വിപണിയിൽ എണ്ണ വിതരണം തടസ്സപ്പെടുമെന്ന് പ്രമുഖ അന്താരാഷ്ട്ര എണ്ണക്കമ്പനികൾ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ അമേരിക്കൻ സൈനികർക്ക് നേരെ ഒരാക്രമണമുണ്ടായാൽ ഇറാനെതിരെ വീണ്ടും പൂർണ്ണതോതിലുള്ള യുദ്ധം ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി യു എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച് സൈനിക നടപടികളിലേക്ക് കടക്കാനുള്ള തൻറെ ഏക ‘റെഡ് ലൈൻ’ യു എസ് സൈനികരുടെ ജീവനാണെന്നും ട്രംപ് വ്യക്തമാക്കി. ഇറാൻ തങ്ങളുടെ സൈനികരെ ലക്ഷ്യമിടുകയും ഏതെങ്കിലും യു എസ് സൈനികൻ കൊല്ലപ്പെടുകയും ചെയ്താൽ വളരെ പെട്ടെന്ന് തന്നെ തിരിച്ചടിക്കുമെന്നും യുദ്ധം ആരംഭിക്കുമെന്നും ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.
അതേസമയം ഇറാനുമായുള്ള ചർച്ചകൾ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും ഉടൻ തന്നെ ഒരു വലിയ കരാറിലേക്ക് ഇരുരാജ്യങ്ങളും എത്തിയേക്കാമെന്നും ട്രംപ് പറഞ്ഞു. മുൻപുണ്ടായ ശക്തമായ ആക്രമണങ്ങളിലൂടെ ഇറാൻറെ വ്യോമസേനയും നാവികസേനയും തകർത്തുകഴിഞ്ഞതായും അവരുടെ വ്യോമപ്രതിരോധ സംവിധാനങ്ങളും പ്രധാന നേതൃത്വവും ഇല്ലാതാക്കിയതായും ട്രംപ് അവകാശപ്പെട്ടു.



















































