ബെംഗളൂരു: കർണാടകയിലെ ഡി.കെ. ശിവകുമാർ മന്ത്രിസഭ രൂപീകരിച്ച് ദിവസങ്ങൾക്കകം ആദ്യ രാഷ്ട്രീയ പ്രതിസന്ധി. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. താൻ പ്രതീക്ഷിച്ചിരുന്ന ബെംഗളൂരു വികസന വകുപ്പ് ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് കാരണമായത്.
വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ച രാമലിംഗ റെഡ്ഡി, മന്ത്രിസ്ഥാനം നൽകിയതിന് പാർട്ടി നേതൃത്വത്തോട് നന്ദി അറിയിച്ചു. മന്ത്രിസ്ഥാനം ലഭിക്കാത്തതിലുള്ള നിരാശയല്ല രാജിക്ക് പിന്നിലെന്നും, തനിക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതാണ് തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരു വികസന വകുപ്പ് നൽകാമെന്ന് നേതൃത്വം ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ അവസാന നിമിഷം വകുപ്പ് വിഭജനത്തിൽ മാറ്റം വരുത്തിയെന്നും റെഡ്ഡി ആരോപിച്ചു. മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ലെന്നും, നിയമസഭാംഗമായും കോൺഗ്രസ് പ്രവർത്തകനായും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എട്ടുതവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട രാമലിംഗ റെഡ്ഡി, ബെംഗളൂരു നഗരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദീർഘകാലമായി സജീവ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ നഗര വികസനവുമായി ബന്ധപ്പെട്ട വകുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാൽ ബെംഗളൂരു വികസന വകുപ്പിന് പകരം വലിയ, ഇടത്തരം ജലസേചന വകുപ്പാണ് അദ്ദേഹത്തിന് അനുവദിച്ചത്.
വകുപ്പ് വിഭജനത്തിന് പിന്നാലെ തന്നെ അതൃപ്തി പരസ്യമാക്കിയിരുന്ന റെഡ്ഡി, ബെംഗളൂരു വികസന വകുപ്പ് ഒഴികെ മറ്റേതെങ്കിലും വകുപ്പ് ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഒടുവിൽ അതൃപ്തി രാജിയിലേക്ക് എത്തുകയായിരുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബെംഗളൂരുവിലെത്താനിരിക്കെയാണ് രാജി പ്രഖ്യാപനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നാമനിർദേശ പത്രികാ സമർപ്പണ ചടങ്ങിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. ഈ സാഹചര്യത്തിൽ മന്ത്രിയുടെ രാജി കർണാടക കോൺഗ്രസിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.



















































