തിരുവനന്തപുരം: രാജ്യത്തെ ഇന്ധനവില വർധനയെ ചൊല്ലിയുള്ള വിമർശനങ്ങൾക്കിടെ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വില നിയന്ത്രിക്കാൻ ശ്രമിക്കുന്നു. കേന്ദ്രം അതിന്റെ ഭാഗമായി നികുതി കുറച്ചല്ലോയെന്നും വില കൂട്ടിയാലെ നിലവിലെ സാഹചര്യം നിയന്ത്രിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന ലഭ്യത ഇല്ലാതെ ആവില്ല. സംസ്ഥാനം നികുതി ഇളവ് കൊടുക്കണം എന്ന് പറയാനാകില്ല. അയൽ രാജ്യങ്ങളിലെ വില അപേക്ഷിച്ച് ഇന്ത്യയിൽ വില കുറവാണെന്നും സുരേഷ് ഗോപി പറഞ്ഞു. നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങളിൽ ഇന്ധനവില വർധന ഒഴിവാക്കാനാകില്ലെന്നും വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഇന്ധനവില കൂടിയത് നമ്മുടെ ഇഷ്ടപ്രകാരം സംഭവിച്ചതല്ല. വില നിയന്ത്രിക്കുന്നതിനായി കേന്ദ്രം നേരത്തേ നികുതി ഇളവുകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ചില വില വർധനകൾ അനിവാര്യമാണ്. ഇന്ധന ലഭ്യത ഉറപ്പാക്കേണ്ടതും പ്രധാനമാണ്,” സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കണമെന്ന ആവശ്യവും അദ്ദേഹം തള്ളിക്കളഞ്ഞു. അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഇന്ധനവില ഇപ്പോഴും താരതമ്യേന കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് കുത്തനെ ഉയർന്ന വിമാന ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക ഇടപെടൽ നടത്തിയിട്ടുണ്ട്. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ അനുവദിച്ചതായി കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
2026 മാർച്ചിൽ ലിറ്ററിന് 60.5 രൂപയുണ്ടായിരുന്ന വിമാന ഇന്ധനവില മേയ് മാസത്തോടെ 142 രൂപയായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യോമയാന മേഖലയെ സംരക്ഷിക്കാൻ കേന്ദ്രം അടിയന്തര നടപടി സ്വീകരിച്ചത്.
പുതിയ തീരുമാനപ്രകാരം ആഭ്യന്തര സർവീസുകൾക്കായുള്ള വിമാന ഇന്ധനവില ലിറ്ററിന് 75.6 രൂപയായി പരിമിതപ്പെടുത്തും. ഇന്ധനച്ചെലവിലുണ്ടായ വൻ വർധന മൂലം പ്രതിസന്ധി നേരിടുന്ന വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും ഈ തീരുമാനം ആശ്വാസമാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.


















































