കുവൈറ്റ് സിറ്റി: ഇറാനും അമേരിക്കയും തമ്മിൽ നിലവിലുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാറുകൾക്ക് കാര്യമായ അർഥമില്ലാതാക്കി പശ്ചിമേഷ്യയിൽ സൈനിക സംഘർഷം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. യുഎസ്–ഇറാൻ ഏറ്റുമുട്ടൽ പുതിയ ഘട്ടത്തിലേക്ക് കടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ യുഎസിന്റെ ‘പേട്രിയോട്ട്’ മിസൈൽ പ്രതിരോധ സംവിധാനം ഈ ആക്രമണങ്ങൾ വിജയകരമായി തടഞ്ഞതായും നിരവധി ലക്ഷ്യങ്ങൾ ആകാശത്ത് വെച്ച് തന്നെ നശിപ്പിച്ചതായും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.
ഒരേസമയം നടന്ന ഡ്രോൺ–മിസൈൽ ആക്രമണങ്ങളിൽ രണ്ട് പ്രധാന ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ തകർത്തുവെന്നാണ് യുഎസ് അവകാശപ്പെടുന്നത്. അതീവ ആസൂത്രിതമായ ആക്രമണമാണ് ഇറാൻ നടത്തിയതെന്നും വൺ-വേ അറ്റാക്ക് ഡ്രോണുകളും ഉപയോഗിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും സുരക്ഷാ നടപടികൾ ശക്തമാക്കുകയും ചെയ്തു.
പശ്ചിമേഷ്യയിൽ വീണ്ടും ഉയരുന്ന ഈ സൈനിക സംഘർഷം മേഖലയെ വലിയ യുദ്ധഭീഷണിയിലേക്കാണ് നയിക്കുന്നതെന്നാണ് വിലയിരുത്തൽ. വെടിനിർത്തൽ കരാറുകൾ നിലനിൽക്കുന്നുണ്ടായിരുന്നെങ്കിലും, തുടർച്ചയായ ആക്രമണ–പ്രത്യാക്രമണങ്ങൾ സമാധാന ശ്രമങ്ങളെ ബാധിച്ചതായും അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നു.

















































