കൊച്ചി: കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം. ലൈംഗികാധിക്ഷേപം ചോദ്യം ചെയ്തതിനെ തുടർന്ന് പെൺകുട്ടികളിൽ ഒരാളെ സംഘം ക്രൂരമായി മർദിച്ചു. പരിക്കേറ്റ പെൺകുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന പെൺകുട്ടികൾ പുലർച്ചെ റൂമിലേക്ക് നടന്നുപോകുമ്പോഴാണ് വഴിയിൽ തങ്ങിനിന്ന സംഘം ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തത്.
ഇത് ചോദ്യം ചെയ്ത പെൺകുട്ടികൾ അക്രമികളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു. ഇതോടെ അക്രമിസംഘം പെൺകുട്ടിയുടെ കൈ തിരിച്ചുപിടിച്ച് ഫോൺ തട്ടിയെടുത്ത് നിലത്തടിച്ചുടച്ചു. തുടർന്ന് യുവതിയുടെ മുടിയിൽ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും നെഞ്ചിലും വയറിലും ബൂട്സിട്ട് ചവിട്ടുകയും ചെയ്തു. ആക്രമണത്തിനിടെ യുവതിയുടെ വസ്ത്രം വലിച്ചുകീറാനും മാറിടത്തിൽ നഖം ആഴ്ത്തി മുറിവേൽപ്പിക്കാനും സംഘം ശ്രമിച്ചതായി ദൃക്ഷാസാക്ഷിയായ സുഹൃത്ത് വെളിപ്പെടുത്തി.
രണ്ട് യുവതികളും ആറ് പുരുഷന്മാരും അടങ്ങുന്ന എട്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് എറണാകുളം നോർത്ത് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


















































