വാഷിംഗ്ടൺ: ലെബനനിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്ന് റിപ്പോർട്ട്. ബെയ്റൂട്ടിലേക്കുള്ള സൈനിക ആക്രമണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നേരിട്ട് ഫോണിൽ ഇടപെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
അമേരിക്കൻ മാധ്യമമായ ആക്സിയോസ് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്, ഇരുവരും തമ്മിലുള്ള ഫോൺസംഭാഷണം ഏറെ കടുത്തതായിരുന്നു. ബെയ്റൂട്ടിൽ ബോംബാക്രമണം നടത്താനുള്ള നീക്കം ഇസ്രായേലിനെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഒറ്റപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സംഭാഷണത്തിനിടെ അസാധാരണമായ രീതിയിൽ കടുത്ത ഭാഷയാണ് ട്രംപ് ഉപയോഗിച്ചതെന്നും റിപ്പോർട്ട് പറയുന്നു.
അതുപോലെ നെതന്യാഹുവിന്റെ അഴിമതി കേസുകളെ പരാമർശിച്ചും ട്രംപ് വിമർശനം ഉന്നയിച്ചു. മുൻപ് നൽകിയ തന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ നെതന്യാഹു ജയിലിലായേനെയെന്ന് ട്രംപ് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. നിലവിലെ സൈനിക നടപടികൾ അതിരു കടന്നതാണെന്നും, പ്രത്യേകിച്ച് ഒരൊറ്റ ഹിസ്ബുള്ള കമാൻഡറെ ലക്ഷ്യമിട്ട് മുഴുവൻ കെട്ടിടങ്ങൾ തകർക്കുന്ന രീതിയോട് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതായും സൂചനയുണ്ട്.
ഇതിനുത്തരമായി, “എല്ലാം നിയന്ത്രണത്തിലാകും” എന്നാണ് നെതന്യാഹു പ്രതികരിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭാഷണത്തിന് പിന്നാലെ, ട്രംപ് സോഷ്യൽ മീഡിയയിൽ പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. ബെയ്റൂട്ടിൽ വലിയ ആക്രമണം നടത്തരുതെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് നെതന്യാഹു സൈന്യത്തെ പിൻവലിക്കാൻ സമ്മതിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ, ഹിസ്ബുള്ള പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ അവർ ഇസ്രായേലിനെതിരായ ആക്രമണം നിർത്താൻ തയ്യാറായതായും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ട്രംപിന്റെ ഇടപെടലിന് പിന്നാലെ ബെയ്റൂട്ടിലേക്കുള്ള ആക്രമണം ഇസ്രായേൽ നിർത്തിവച്ചെങ്കിലും, ദക്ഷിണ ലെബനനിൽ സൈനിക നടപടി തുടരുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഇസ്രായേൽ സൈന്യം സഹറാനി നദിവരെ മുന്നേറിയതായും, ഇത് കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ കടന്നുകയറ്റമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ, ലെബനൻ ഭാഗിക വെടിനിർത്തൽ പ്രഖ്യാപിച്ചു.
ഇത് സമ്പൂർണ്ണ സമാധാന കരാർ അല്ലെങ്കിലും ബെയ്റൂട്ടിനെയും ഹിസ്ബുള്ള നിയന്ത്രിത പ്രദേശങ്ങളെയും ആക്രമിക്കാതിരിക്കാനും, മറുവശത്ത് ഹിസ്ബുള്ള ഇസ്രായേലിനെതിരായ ആക്രമണം നിർത്താനുമുള്ള ധാരണയാണ് ഉണ്ടാക്കിയിരിക്കുന്നത്. സംഘർഷം പൂർണ്ണമായി അവസാനിച്ചിട്ടില്ലെങ്കിലും, ഈ നീക്കങ്ങൾ പ്രദേശത്ത് സംഘർഷം കുറയാൻ കാരണമാകുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം.


















































