തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ രണ്ടാനച്ഛൻ അഷ്കർ കുറ്റം സമ്മതിച്ചു. കുട്ടി മരിച്ച ദിവസം ചോറു കൊടുക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ കലികയറി തലയിൽ ശക്തമായി അടിച്ചുവെന്നാണ് അഷ്കറിൻ്റെ മൊഴി. അടിയേറ്റ കുഞ്ഞിൻ്റെ ബോധം നഷ്ടമായി എന്നും പ്രതി പോലീസിനോട് പറഞ്ഞു.
അതേസമയം കുഞ്ഞിൻറെ തലയ്ക്കു പിന്നിൽ ശക്തമായ ക്ഷതമേറ്റിട്ടുണ്ട്. ശരീരമാസകലം മർദ്ദനത്തിന്റെ മുറിവുകളും പാടുകളും കണ്ടെത്തിയിട്ടുണ്ട്. കൈകാലുകളിലും മുതുകിലും പൊള്ളലേറ്റതിൻ്റെ അടയാളങ്ങളുണ്ട്. കൂടാതെ ജനനേന്ദ്രിയത്തിൽ അടക്കം പരുക്കേറ്റിട്ടുണ്ട്. ദീർഘനാളായി പ്രതി കുഞ്ഞിനെ മർദ്ദിക്കുന്നു എന്ന വിലയിരുത്തലിലാണ് പോലീസ്.
കസ്റ്റഡിയിലുള്ള അമ്മ അഖിലയെയും പങ്കാളി അഷ്‌കറിനെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികളിലേക്ക് പോലീസ് കടക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. അതേസമയം കുഞ്ഞിന്റെ സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പിതാവ് അഖിലിന്റെ വീട്ടിൽ നടന്നു. ക്രൂരമായ കൊലപാതകമാണ് നടന്നതെന്നാണ് നെടുമങ്ങാട് പോലീസ് നൽകുന്ന വിവരം. കുഞ്ഞിന്റെ ശരീരത്തിൽ 51ഓളം പരുക്കുകളും പാടുകളുമുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. അമ്മ അഖില കുട്ടിയെ നോക്കാറേയില്ലെന്നും രണ്ടാനച്ഛൻ കുഞ്ഞിനെ സ്ഥിരമായി ഉപദ്രിവിക്കാറുണ്ടെന്നും ആരോപണങ്ങൾ വന്നിരുന്നു. വെള്ളിയാഴ്ച അഖില നൃത്തപരിപാടിയുമായി തമിഴ്‌നാട്ടിലായിരുന്ന സമയമാണ് സംഭവമുണ്ടായത്. ചോറു കഴിക്കുന്നതിനിടയിൽ ഛർദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്തലിൽ അഷ്‌കർ കുഞ്ഞിനെ മർദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചിരുന്നു.
തലയിൽ പരുക്കേറ്റതിന് തുടർന്നുണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടർന്നാണ് ഒന്നര വയസുകാരൻ മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല കുട്ടി ശർദിച്ചത് ആന്തരിക രക്തസ്രാവത്തെ തുടർന്നായിരുന്നു. ഇതിനിടെ കുട്ടിയുടെ മരണത്തിൽ മുത്തശ്ശൻ ദുരൂഹത ആരോപിച്ചിരുന്നു. രണ്ടാനാച്ഛൻ അഷ്കർ ഒന്നര വയസ്സുള്ള കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഒരുമാസം മുമ്പ് കുഞ്ഞിൻറെ കൈ അടിച്ചൊടിക്കുകയും, വിഷയത്തിൽ നെടുമങ്ങാട് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. മരിച്ച കുഞ്ഞിന്റെ ശരീരത്തിൽ സിഗരറ്റ് വച്ച് പൊള്ളലേൽപ്പിച്ച പാടുകൾ ഉണ്ട്. മുൻപ് അമ്മത്തൊട്ടിലിൽ ഏൽപ്പിക്കാൻ ഒരുങ്ങിയപ്പോൾ കുഞ്ഞിനെ സംരക്ഷിച്ചു കൊള്ളാമെന്ന് കുട്ടിയുടെ മുത്തച്ഛൻ പറഞ്ഞെങ്കിലും കേട്ടില്ല. പിന്നെ കഴിഞ്ഞ ദിവസം തൊണ്ടയിൽ ആഹാരം കുടുങ്ങി മരണപ്പെട്ടു എന്നാണ് ഫോൺ കോൾ വന്നതെന്ന് കുട്ടിയുടെ മുത്തച്ഛൻ പറയുന്നു.


















































