‘അജസുന്ദരി’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി സംവിധായകൻ ആഷിക്ക് അബുവിന്റെ ഉടമസ്ഥതയിലുള്ള നിർമാണക്കമ്പനിയായ ഒപിഎം ഫിലിംസ്. യൂണിറ്റിന്റെ ഭക്ഷണ-സാധന വിതരണ ചുമതല വടകര സ്വദേശി സജിത് എൻ. എന്നയാളെ ഏൽപ്പിച്ചിരുന്നുവെന്നും അദ്ദേഹത്തിന് കൈമാറിയ തുകയുടെ വലിയൊരു ഭാഗം ബന്ധപ്പെട്ട വ്യാപാരികൾക്ക് നൽകപ്പെട്ടിട്ടില്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം.എല്ലാ കുടിശ്ശികകളും നേരിട്ടു തന്നെ തീർപ്പാക്കുമെന്നും ഈ വിഷയത്തിൽ പൂർണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
ചിത്രീകരണ കാലയളവിൽ ആവശ്യമായ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങുന്നതിനും പ്രാദേശിക വ്യാപാരികളുടെ ബില്ലുകൾ തീർപ്പാക്കുന്നതിനുമുള്ള ഉത്തരവാദിത്തം സജിത്തിനായിരുന്നു നൽകിയിരുന്നത്. ഇതിനായി 15 ബാങ്ക് ഇടപാടുകളിലായി 25 ലക്ഷം രൂപ അദ്ദേഹത്തിന് കൈമാറിയിട്ടുണ്ടെന്നും അതിന്റെ രേഖകൾ കമ്പനിയുടെ പക്കലുണ്ടെന്നും ഒപിഎം സിനിമാസ് വ്യക്തമാക്കി.
വ്യാപാരികളുടെ പരാതികൾ ശ്രദ്ധയിൽപ്പെട്ടതോടെ സജിത്തിന് നൽകാനിരുന്ന അവസാന ഗഡു തടഞ്ഞുവച്ചതായും വിഷയത്തിൽ ഫെഫ്കയിലും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പരാതി നൽകിയതായും കമ്പനി അറിയിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് സജിത്തിനെതിരെ കോഴിക്കോട് ജില്ലയിലെ വളയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
സംഭവത്തിൽ നിയമപരമായ ഉത്തരവാദിത്തം ആരുടേതായാലും വിലങ്ങാട്ടെ വ്യാപാരികൾക്ക് ലഭിക്കാനുള്ള തുക മുഴുവൻ ഉറപ്പാക്കാൻ ഒപിഎം സിനിമാസ് പ്രതിബദ്ധമാണെന്ന് കമ്പനി വ്യക്തമാക്കി. ഇതിനായി ബാധിക്കപ്പെട്ട വ്യാപാരികളിൽ നിന്ന് ബില്ലുകളും ബാങ്ക് വിവരങ്ങളും ശേഖരിച്ചുവരികയാണെന്നും കുടിശ്ശിക തുക നേരിട്ട് നൽകുമെന്നും കമ്പനി അറിയിച്ചു.
വിലങ്ങാട് പ്രദേശവാസികൾ ചിത്രീകരണ വേളയിൽ നൽകിയ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച കമ്പനി, അവരുടെ വിശ്വാസം സംരക്ഷിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം, ആഷിഖ് അബു നിർമിച്ച് മനു ആന്റണി സംവിധാനം ചെയ്യുന്ന ‘അജസുന്ദരി’യുടെ ചിത്രീകരണത്തിനിടെ പ്രാദേശിക വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക ബാക്കിയാക്കിയെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. കോഴിക്കോട് വിലങ്ങാട്ടെ നാല് വ്യാപാരികളാണ് സിനിമാ യൂണിറ്റിനെതിരെ പരാതി ഉന്നയിച്ചത്.
പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങ തുടങ്ങിയ അവശ്യസാധനങ്ങൾ പ്രാദേശിക കടകളിൽ നിന്ന് വാങ്ങിയിരുന്നുവെന്നും ആദ്യഘട്ടങ്ങളിൽ കൃത്യമായി പണം നൽകിയതിലൂടെ വിശ്വാസം നേടിയ ശേഷമാണ് വലിയ തുക കുടിശ്ശികയാക്കി സംഘം മടങ്ങിയതെന്നുമാണ് വ്യാപാരികളുടെ ആരോപണം. പിന്നീട് പലതവണ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും അവർ പരാതിപ്പെട്ടിരുന്നു.

















































