വിജയപുര: ഭൂമി തർക്കത്തിന്റെ പേരിൽ കർണാടകയിൽ കൂട്ടക്കൊലപാതകം. കർണാടകയിലെ വിജയപുര ചഡചൻ താലൂക്കിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ആറുപേരെയാണ് വെടി വെച്ചുകൊന്നത്. ഗോവിന്ദപുര ഗ്രാമത്തിൽ 25 ഏക്കർ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കരിമ്പ് വെട്ടുന്ന വാളുകൊണ്ട് ആക്രമിച്ച ശേഷമാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു
മരിച്ച രേവണസിദ്ദപ്പ നിരാലെ, ദുണ്ടപ്പ രേവണസിദ്ദപ്പ നിരാലെ, ശിവപുത്ര രേവണസിദ്ദപ്പ നിരാലെ, ചന്ദ്രശേഖർ നിരാലെ, ഷബ്ബീർ നദാഫ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ നിരാലെ കുടുംബം ഭൂമി വാങ്ങിയതിനെ എതിർത്ത് മറ്റൊരു പ്രബല കുടുംബം രംഗത്തെത്തിയിരുന്നു. ഗോൾഗി എന്ന ഈ കുടുംബം നോക്കിവച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് നീരാലെ കുടുംബം കരസ്ഥമാക്കിയതാണ് ശത്രുതയ്ക്ക് കാരണം. പലവട്ടം ഇരു കുടുംബങ്ങളും നേർക്കുനേർ എത്തിയതോടെ പഞ്ചായത്ത് ഇടപെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി നിരാലെ കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായത്. ഗോൾഗി കുടുംബത്തിലെ അംഗങ്ങൾ കരിമ്പ് വെട്ടാൻ ഉപയോഗിക്കുന്ന വാൾ ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. പിന്നാലെ ക്ലോസ് റേഞ്ചിൽ വെടിയുമുതിർത്തു.
അതേസമയം വെടിയൊച്ചകളുടെ ശബ്ദം ഗോവിന്ദപുര ഗ്രാമത്തിൽ പരിഭ്രാന്തി പരത്തി. കൊലപാതക വിവരം അറിഞ്ഞ ഉടൻ പെോലീസ് സംഘം സ്ഥലത്തെത്തി. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ച് അന്വേഷണം ആരംഭിച്ചു. ക്രമസമാധാനം നിലനിർത്തുന്നതിനും തുടർ ആക്രമണങ്ങൾ തടയുന്നതിനുമായി ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും കൂടുതൽ പോലീസ് സേനയെ വിന്യസിച്ചു. പിന്നാലെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. കൊലപാതകങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു. കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ കണ്ടത്താനും അറസ്റ്റ് ചെയ്യാനും ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.















































