ചെന്നൈ: തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ പ്രത്യേക ദർശനത്തിനായി ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് പൂജാരി കൈക്കൂലി ചോദിച്ചത്. അയ്യപ്പൻ അയ്യർ എന്നയാളാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മന്ത്രി ആണെന്ന് പൂജാരി അറിഞ്ഞിരുന്നില്ല. മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പൂജാരി മാപ്പ് എഴുതി നൽകി. എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്റെ പേരിൽ വിവാദം ഉയരുകയും പിന്നാലെ പൂജാരിയെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
തമിഴ്നാട് ദേവസ്വം മന്ത്രി പി. കെ. ശേഖർബാബു ക്ഷേത്രം സന്ദർശിക്കുന്നതിനിടെയാണ് സംഭവം. സാധാരണ ഭക്തനായി മുഖാവരണം ധരിച്ചെത്തിയ മന്ത്രിയെ തിരിച്ചറിയാതെയാണ് പ്രത്യേക ദർശനം ഒരുക്കുന്നതിനായി പൂജാരി പണം ആവശ്യപ്പെട്ടത്. 4000 രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് വിവരം. പണം കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടു.
പിന്നീട് അന്നദാന കേന്ദ്രത്തിൽ എത്തിയപ്പോഴാണ് മന്ത്രിയെ ജീവനക്കാർ തിരിച്ചറിഞ്ഞത്. സംഭവത്തെ തുടർന്ന് പൂജാരിമാ വിശദീകരണക്കത്ത് നൽകിയിരുന്നു. ക്ഷേത്രങ്ങളിൽ കൈക്കൂലി അനുവദിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അതേസമയം, സംഭവത്തിൽ പൂജാരിക്കെതിരെ ഉടൻ നടപടി എടുക്കാതിരുന്നതിനെ തുടർന്ന് രാഷ്ട്രീയ വിവാദവും ഉയർന്നു. അഴിമതിക്കെതിരെ കടുത്ത നിലപാട് വേണമെന്ന ആവശ്യവും ശക്തമായി. പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. മാപ്പപേക്ഷയല്ല, വിശദീകരണമാണ് വാങ്ങിയതെന്നും അച്ചടക്ക നടപടികൾ ചട്ടപ്രകാരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദം ശക്തമായതോടെ ക്ഷേത്ര ഭരണസമിതി നടപടി സ്വീകരിക്കുകയായിരുന്നു. ജോയിന്റ് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൂജാരിയെ പൂജാ ചുമതലയിൽ നിന്ന് മാറ്റിയത്.
















































