തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയിൽ വീണയുടെ മൊബൈൽ ഫോൺ നിർണായക തെളിവാകുമെന്ന് സൂചന. ഇന്നലെ നടന്ന റെയ്ഡിനിടെ വീണയുടെ സ്വകാര്യ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൂടാതെ, വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് നീക്കം. പിണറായി വിജയന്റെ വസതിയിൽ നടത്തിയ പരിശോധനയിൽ ചില രേഖകളും ലഭിച്ചതായി ഇഡി അറിയിച്ചു. റെയ്ഡിനിടെ ഉണ്ടായ സംഘർഷം ആസൂത്രിതമാണെന്ന സംശയവും ഇഡി ഉയർത്തുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ ഡയറക്ടറേറ്റിന് കൈമാറിയതായും അറിയിച്ചിട്ടുണ്ട്.
മാസപ്പടി കേസിൽ തുടർനടപടികൾ വേഗത്തിലാക്കാനാണ് ഇഡിയുടെ തീരുമാനം. സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. വീണ ടി.ക്കെതിരായ നടപടികൾ കൂടുതൽ കടുപ്പിക്കണോ എന്ന കാര്യത്തിൽ തീരുമാനം, ഉദ്യോഗസ്ഥരുടെ മൊഴികൾക്ക് ശേഷമായിരിക്കും. കേസുമായി ബന്ധപ്പെട്ട് 18 കോടി 36 ലക്ഷം രൂപയുടെ 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നും, അതിൽ മൂന്ന് അക്കൗണ്ടുകൾ വീണയുടേതാണെന്നും റിപ്പോർട്ടുണ്ട്.


















































