കൊച്ചി: മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ താൻ മൊഴി മാറ്റിയെന്ന വാർത്ത തെറ്റാണെന്ന് പരാതിക്കാരി. കോടതിയിൽ പ്രതികൾക്ക് അനുകൂലമായി ഒരു മൊഴിയും നൽകിയിട്ടില്ലെന്നും കേസിലെ രണ്ടുപേരെ തിരിച്ചറിഞ്ഞതായും പരാതിക്കാരി പറഞ്ഞു.
അതേസമയം എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ വിചാരണ നടപടികൾ നെയ്യാറ്റിൻകര കോടതിയിൽ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരാതിക്കാരിയും പ്രതികളും കോടതിയിൽ ഹാജരായി. ഇതിനിടെ പ്രതികളെ തിരിച്ചറിയൽ നടപടിക്കുശേഷം പരാതിക്കാരിക്ക് അസ്വസ്ഥത ഉണ്ടാവുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതേത്തുടർന്ന് കേസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. അടച്ചിട്ട കോടതിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്.
ഇതിനിടെ, പരാതിക്കാരി മൊഴിമാറ്റി എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പരാതിക്കാരി അടക്കം നാലുപേർ കൂറുമാറിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, താൻ മൊഴിമാറ്റിയിട്ടില്ലെന്നും അത്തരത്തിലുള്ള പ്രചരണം തെറ്റാണെന്നും പരാതിക്കാരി വെളിപ്പെടുത്തി.
തിരിച്ചറിയൽ നടപടികൾക്കായി നാലുപേർ പ്രതിക്കൂട്ടിൽ ഉണ്ടായിരുന്നു. ഇതിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. അപ്പോഴേക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടനെ തന്നെ മാറ്റിയിരുത്തി. അതിനുശേഷം കേസ് അടുത്ത ദിവസം പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് താൻ ആശുപത്രിയിലേക്ക് മടങ്ങിയെന്നും പരാതിക്കാരി പറഞ്ഞു. നിലവിൽ കേസുമായി മുമ്പോട്ട് പോകുകയാണ്. കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദമുണ്ട്. പ്രതികളെ തിരിച്ചറിയുന്ന നടപടി മാത്രമാണുണ്ടായത്. മൊഴി മാറ്റിയിട്ടില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.



















































