തിരുവനന്തപുരം: മുൻ വൈരാഗ്യത്തിൻറെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്ന് ദിവസത്തോളം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ യുവതിയടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ. മലയിൻകീഴ് വിറകുവെട്ടിക്കോണം സ്വദേശി അഭിലാഷ് (അഭി – 39) , മലയിൻകീഴ് അരുവിപ്പാറ സ്വദേശി സുജിത് (ചിക്കു – 32) , കായംകുളം വള്ളികുന്നം സ്വദേശി സരിത (37) എന്നിവരാണ് മണ്ണന്തല പോലീസിൻറെ പിടിയിലായത്. വെമ്പായം പുത്തൻവിള സ്വദേശിയായ യുവാവാണ് ക്രൂരമായ അതിക്രമത്തിന് ഇരയായത്.
കേസിലെ ഒന്നാം പ്രതിയായ അഭിലാഷിൻറെ ഭാര്യ മോഷണക്കേസിൽ പെട്ട് ജയിലിലാകാൻ കാരണം ഈ യുവാവാണെന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മരുതൂരിലുള്ള ഒരു ഫ്ലാറ്റിലേക്ക് യുവാവിനെ പ്രതികൾ സൗഹൃദം നടിച്ച് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് അസഭ്യം പറയുകയും, മഴുവിൻറെ പിൻഭാഗം, ഇടിവള എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതിനിടെ കേസിലെ മൂന്നാം പ്രതിയായ സരിത യുവാവിൻറെ ശരീരമാകെ മുളകുവെള്ളം ഒഴിച്ചതിനെ തുടർന്ന് ഇയാൾ ബോധരഹിതനായി.
ബോധം നഷ്ടപ്പെട്ട യുവാവിനെ പിന്നീട് പ്രതികൾ ചേർന്ന് ചെമ്പൂരുള്ള മറ്റൊരു ഫ്ലാറ്റിലെത്തിച്ച് മൂന്ന് ദിവസത്തോളം അന്യായമായി തടങ്കലിൽ പാർപ്പിച്ചു. ഇതിവിടെ യുവാവിനെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം രേഖകളിൽ ഒപ്പിടുവിച്ച് സ്കൂട്ടർ കൈക്കലാക്കാനും പ്രതികൾ ശ്രമം നടത്തി. തുടർന്ന് യുവാവിനെ ഫ്ലാറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.


















































