തിരുവനന്തപുരം: പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ കോടതിയിൽ മൊഴിമാറ്റി പറഞ്ഞ് പരാതിക്കാരി. നെയ്യാറ്റിൻകര കോടതിയിലെ വിചാരണയ്ക്കിടെയാണ് എൽദോസ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്നു പരാതിക്കാരി പറഞ്ഞത്. അതുപോലെ രണ്ടും മൂന്നും പ്രതികളും എംഎൽഎയുടെ സുഹൃത്തുക്കളുമായ റനിഷ, സിപ്പി നൂറുദ്ദീൻ എന്നിവർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വിചാരണയ്ക്കിടെ പരാതിക്കാരി കോടതിയോട് പറഞ്ഞു.
അതേസമയം കോടതിയിൽ നേരിട്ടെത്തിയാണ് എൽദോസിനെതിരെ പരാതിയില്ലെന്നും തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞത്. പരാതിക്കാരിക്ക് ഒപ്പമുണ്ടായിരുന്ന 2 സാക്ഷികളുടെ മൊഴികളും പ്രതികൾക്ക് അനുകൂലമായി. എന്നാൽ ഏത് സാഹചര്യത്തിലാണ് പരാതിക്കാരി മൊഴിമാറ്റിയത് എന്നതിൽ വ്യക്തതയില്ല. എൽദോസ് കുന്നപ്പിള്ളിയും കേസിലെ രണ്ട്, മൂന്ന് പ്രതികളും കോടതിയിലെത്തിയിരുന്നു.
2022 സെപ്റ്റംബർ 28നാണു ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയത്. എൽദോസ് മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. പരാതി പിൻവലിക്കാൻ 30 ലക്ഷം രൂപ എൽദോസ് വാഗ്ദാനം ചെയ്തെന്നും യുവതി നേരത്തേ വെളിപ്പെടുത്തിയിരുന്നു.
അതുപോലെ യുവതിയെ പല സ്ഥലത്തുവച്ച് മൂന്നു തവണ എൽദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നും ഇതു പുറം ലോകത്തോടു വെളിപ്പെടുത്തുമെന്നു പറഞ്ഞതിന്റെ പേരിൽ ബലം പ്രയോഗിച്ച് കോവളത്തെ കുന്നിൽ മുകളിലെത്തിച്ച് തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചെന്നുമാണു ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കേസിന്റെ തുടർനടപടി കോടതി നാളെ പരിഗണിക്കും.



















































