ആലപ്പുഴ: ജനങ്ങളോട് എങ്ങനെ പെരുമാറണമെന്നതു സംബന്ധിച്ച് സി.പി.എം. നേതാക്കൾക്ക് കൗൺസലിങ് നൽകണമെന്ന ആവശ്യം നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ ഉയർന്നു. കഞ്ഞിക്കുഴി കണ്ണർകാട് ലോക്കൽ കമ്മിറ്റിയംഗങ്ങളാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
ജനകീയ സർക്കാരിനെ ജനങ്ങളിൽനിന്ന് അകറ്റിയത് നേതൃനിരയുടെ സമീപനമാണെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് മുതിർന്ന നേതാക്കൾ മറന്നുവെന്നും പുതിയ തലമുറ നേതാക്കൾ അതേ രീതിയാണ് പിന്തുടരുന്നതെന്നും വിമർശനം ഉയർന്നു. പുതുതായി നേതൃനിരയിലേക്കെത്തുന്നവർക്ക് ജനങ്ങളുമായി ഇടപഴകാനുള്ള കഴിവുണ്ടോയെന്നു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
ഭരണകാലത്ത് ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാർ മന്ത്രിമാരെയോ എം.എൽ.എ.മാരെയോ സമീപിച്ചാൽ പലപ്പോഴും പാർട്ടിയോട് തന്നെ വെറുപ്പ് തോന്നുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഉണ്ടായിരുന്നതെന്നും അംഗങ്ങൾ ആരോപിച്ചു.
ചേർത്തല, ആലപ്പുഴ മണ്ഡലങ്ങളിലെ ലോക്കൽതല തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചു. ജില്ല, ഏരിയ തലങ്ങളിൽ നിന്നു ലോക്കലിലേക്കെത്തിയ അവലോകനത്തിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്നും ഒരു ലോക്കൽ കമ്മിറ്റിയംഗം ആവശ്യപ്പെട്ടു. ടി. ശശിധരൻ, സുരേഷ് കുറുപ്പ്, സി. രവീന്ദ്രനാഥ് എന്നിവരെപ്പോലെ ജനങ്ങളോട് ഇടപഴകാൻ അറിയാവുന്ന നേതാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും അഭിപ്രായപ്പെട്ടു.
നവകേരള സദസ്സും അയ്യപ്പസംഗമവും നടത്തിയത് തിരിച്ചടിയായെന്നും വിമർശനം ഉയർന്നു. അയ്യപ്പസംഗമം നടത്തിയതോടെയാണ് സ്വർണക്കൊള്ള വിഷയവും സർക്കാരിനെ ബാധിച്ചതെന്ന് ചിലർ ചൂണ്ടിക്കാട്ടി. നവകേരള സദസ്സിൽ വൻതോതിൽ പരാതികൾ സ്വീകരിച്ചെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്നും അതിന്റെ പ്രതിഫലനമാണ് തിരഞ്ഞെടുപ്പിലുണ്ടായതെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.
വി.എസ്. അച്യുതാനന്ദന്റെ ഫ്ലെക്സ് വെച്ചപ്പോൾ എതിർത്ത പിണറായി വിജയൻ ഇപ്പോൾ നാടൊട്ടാകെ ഫ്ലെക്സ് സ്ഥാപിക്കുന്നുവെന്നും ചില കമ്മിറ്റിയംഗങ്ങൾ വിമർശിച്ചു. ജില്ലാ, ഏരിയ കമ്മിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ലോക്കൽ അവലോകനയോഗങ്ങൾ നടക്കുന്നത്.


















































