തൊടുപുഴ: വയോധികരെയും ഭിന്നശേഷിക്കാരെയും ജീവിതകാലം മുഴുവൻ സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം വിദേശത്തേക്ക് കടന്ന കേസിൽ പ്രതി അറസ്റ്റിൽ. തൊടുപുഴ കാളിയാർ മേടക്കൽ വീട്ടിൽ Jeevan Thomas (40) നെയാണ് തൊടുപുഴ പോലീസ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്.
തൊടുപുഴയ്ക്കടുത്ത് മുതലക്കോടത്ത് ‘എൽഡർ ഗാർഡൻ ഓൾഡ് ഏജ് ഹോം’ എന്ന പേരിൽ വൃദ്ധസദനം ആരംഭിച്ചായിരുന്നു തട്ടിപ്പെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സ്ഥാപനത്തിന് എല്ലാ നിയമാനുസൃത അനുമതികളും സൗകര്യങ്ങളും ഉണ്ടെന്ന് വിശ്വസിപ്പിച്ചാണ് വയോധികരെയും ഭിന്നശേഷിക്കാരെയും ഇവിടെ പ്രവേശിപ്പിച്ചത്. ആജീവനാന്ത സംരക്ഷണം ഉറപ്പുനൽകി ഒരാളിൽ നിന്ന് അഞ്ചുലക്ഷം മുതൽ 15 ലക്ഷം രൂപവരെ ഇയാൾ ഈടാക്കിയതായി പരാതികളിൽ പറയുന്നു.
ആദ്യഘട്ടത്തിൽ കാര്യങ്ങൾ സാധാരണനിലയിൽ മുന്നോട്ടുപോയെങ്കിലും 2025 തുടക്കത്തിൽ ജീവൻ തോമസ് അയർലണ്ടിലേക്ക് കടന്നതോടെയാണ് സ്ഥാപനത്തിന്റെ യഥാർഥ സ്ഥിതി പുറത്തറിഞ്ഞത്. ആവശ്യമായ ഭക്ഷണം, ചികിത്സ, പരിചരണം എന്നിവ ലഭിക്കാതെ അന്തേവാസികൾ ദുരിതത്തിലായതായി പരാതികൾ ഉയർന്നു. വയോധികർക്കും രോഗബാധിതർക്കും ആവശ്യമായ ആരോഗ്യപരിചരണവും സാന്ത്വന ശുശ്രൂഷകളും ലഭിച്ചിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
പരാതികളെ തുടർന്ന് പോലീസും നഗരസഭയും ചേർന്ന് പരിശോധന നടത്തിയപ്പോഴാണ് സ്ഥാപനത്തിന് ആവശ്യമായ രജിസ്ട്രേഷനുകളും നിയമാനുസൃത രേഖകളും പൂർണമായി ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയത്. തുടർന്ന് വിശ്വാസവഞ്ചന, ചതി, സ്വത്ത് തട്ടിയെടുക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു.
പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച അയർലണ്ടിൽനിന്ന് കുടുംബസമേതം ബെംഗളൂരു വിമാനത്താവളത്തിലെത്തിയ ഇയാളെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് വിവരം തൊടുപുഴ പോലീസിനെ അറിയിക്കുകയും അവിടെത്തിയ പ്രത്യേക സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇതിനിടെ, സമാനരീതിയിൽ പാലക്കാട്ടും ഇയാൾ അനധികൃതമായി വൃദ്ധസദനം നടത്തിയിരുന്നുവെന്ന വിവരവും പുറത്തുവന്നു. ‘സൗപർണിക ഓൾഡ് ഏജ് ഹോം’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ലൈസൻസും മറ്റ് രേഖകളും ഇല്ലാത്തതിനെ തുടർന്ന് പിന്നീട് അടച്ചുപൂട്ടുകയായിരുന്നു.
പാലക്കാട് സ്ഥാപനത്തിലുണ്ടായിരുന്ന ഒരാളെ പിന്നീട് തൊടുപുഴയിലെ വൃദ്ധസദനത്തിലേക്ക് മാറ്റിയതായും ആ വ്യക്തിയും പരാതിക്കാരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
മൂന്ന് പരാതികളിലാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.
















































