ബംഗളൂരു: മൊബൈൽ ഫോണിന്റെ പാസ് വേർഡ് സഹോദരിക്ക് അയച്ചു കൊടുത്ത് മിനുട്ടുകൾക്കകം യുവതി ആത്മഹത്യ ചെയ്തു. പൊലീസ് ഉദ്യോഗസ്ഥനായ രാജേഷ് ആരാധ്യയുടെ ഭാര്യയായ ലക്ഷ്മി പ്രിയ (26) ആണ് ആത്മഹത്യ ചെയ്തത്. ബംഗളുരു മറാത്തഹള്ളി എച്ച്എഎൽ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളാണ് രാജേഷ്. ലക്ഷ്മി പ്രിയയുടെ ആത്മഹത്യ ഭർതൃകുടുംബത്തിൽ നിന്നുള്ള സ്ത്രീധന പീഡനത്തെ തുടർന്നാണെന്ന ആരോപണവുമായി കുടുംബം രംഗത്തുവന്നിട്ടുണ്ട്. 2023 മെയ് മാസത്തിലാണ് ലക്ഷ്മി പ്രിയയുടേയും രാജേഷിന്റെ വിവാഹം കഴിഞ്ഞത്.
രാജേഷിന്റെ അമ്മയും അച്ഛനും അമ്മയും ലക്ഷ്മി പ്രിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രസവത്തിന് ശേഷം കഴിഞ്ഞ ആറുമാസമായി ലക്ഷ്മി പ്രിയ സ്വന്തം വീട്ടിലായിരുന്നു താമസം.അടുത്തകാലത്താണ് ഭർതൃഗൃഹത്തിലേക്ക് ലക്ഷ്മി തിരിച്ചു പോയത്. മെയ് 22 ന് ഉച്ചക്ക് രണ്ടരയോടെയാണ് സഹോദരി ജയശ്രീക്ക് വാട്‌സ് ആപ്പിൽ ഫോണിന്റെ പാസ് വേർഡ് ലഭിച്ചത്.
അസ്വഭാവികത തോന്നിയ ജയശ്രീ ഉടൻ ലക്ഷ്മി പ്രിയയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിമിഷങ്ങൾക്കകം മരിച്ചുവെന്ന അറിയിപ്പാണ് ലഭിച്ചത്. ഭർത്താവ് രാജേഷാണ് ലക്ഷ്മി പ്രിയ മരിച്ച കാര്യം കുടുംബത്തെ വിളിച്ചറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീധന നിരോധന നിയമ പ്രകാരം രാജേഷിനും അച്ഛനും അമ്മക്കും എതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
















































